പ്രഫ. കേശവനെ ഓര്‍മിച്ച് വെള്ളിക്കുളങ്ങര സഹൃദയ ലോകം
text_fieldsകൊടകര: വീണ്ടുമൊരു വായനദിനം കൂടി കടന്നുവരുമ്പോള്‍ എഴുത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കി മണ്മറഞ്ഞുപോയ പ്രഫ. കേശവന് വെള്ളിക്കുളങ്ങരയെ അനുസ്മരിക്കുകയാണ് അദ്ദേഹത്തിെൻറ പേരിലൂടെ അറിയപ്പെട്ട മലയോര ഗ്രാമത്തിലെ സഹൃദയരും സുഹൃത്തുക്കളും.
അധ്യാപകനും സാക്ഷരത പ്രവര്‍ത്തകനും ശാസ്ത്രപുരോഗതിക്കായി ഒട്ടേറെ സംഭാവന ചെയ്ത എഴുത്തുകാരനുമായിരുന്നു പ്രഫ. കേശവന്. അദ്ദേഹത്തിെൻറ ഓർമ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം വെള്ളിക്കുളങ്ങരയില്‍ ഉണ്ടാകണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. നൂറോളം പുസ്തകങ്ങളുടെ രചയിതാവും വിവിധ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്നു പ്രഫ. കേശവൻ.
വിദ്യാർഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ച കേരളത്തിലെ പ്രമുഖ എഴുത്തുകാരിലൊരാളായിരുന്നു. അദ്ദേഹം എഴുതിയിട്ടുള്ള നൂറോളം പുസ്തകങ്ങളില്‍ ഒട്ടുമിക്കതും ശാസ്ത്ര പുസ്തകങ്ങളും ബാലസാഹിത്യകൃതികളുമാണ്.
കേരള ശാസ്ത്ര സാഹിത്യപരിഷത്തിെൻറ വൈസ് പ്രസിഡൻറ്, പ്രസിദ്ധീകരണസമിതി കണ്‍വീനര്‍, യൂറീക്ക പത്രാധിപര്‍, ഇസ്കസ് ഐപ്സോ സംസ്ഥാന സെക്രട്ടറി, സ്റ്റെപ്സ് പ്രസിഡൻറ്, കേരളയുക്തിവാദി സംഘം വൈസ് പ്രസിഡൻറ്, സാക്ഷരത സമിതി ജില്ല കോഓഡിനേറ്റര്‍, ഗ്രനഥശാല സംഘം തൃശൂര്‍ ജില്ല ഉപദേശകസമിതി അംഗം, കാന്‍ഫെഡ് തൃശൂര്‍ ജില്ല വൈസ്പ്രസിഡൻറ്, കേരള ബാലസാഹിത്യ അക്കാദമി പ്രസിഡൻറ്, ബാലശാസ്ത്രഅക്കാദമി പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുക്തിരേഖ, ശാസ്ത്രകേരളം, യുറീക്ക, ഗ്രേറ്റ് മാര്‍ച്ച് എന്നിവയുടെ പത്രാധിപരായും പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുടക്കത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് നേതാക്കളുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന കേശവന് സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുസ്തകങ്ങളിലൂടെ പുതിയതലമുറയെ ബോധവത്കരിച്ചു. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം പിന്നീട് അച്യുതമേനോന് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു.
മാല്യങ്കര എസ്.എന്‍ കോളജിലെ ഊര്‍ജതന്ത്രം മേധാവിയായി വിരമിച്ച അദ്ദേഹം വിശ്രമജീവിതം പൂര്‍ണമായും എഴുത്തിനും സംസ്കാരിക പ്രവര്‍ത്തനത്തിനുമായി മാറ്റിവെക്കുകയായിരുന്നു. ഏറെക്കാലം കൊടുങ്ങല്ലൂരിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.
അവസാനകാലത്ത് വെള്ളിക്കുളങ്ങരയില്‍ തിരിച്ചെത്തി താമസമാക്കി. വിസ്തൃതമായ മറ്റത്തൂര്‍ പഞ്ചായത്തിനെ വിഭജിച്ച് വെള്ളിക്കുളങ്ങര ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് രംഗത്തിറങ്ങിയപ്പോള്‍ അതിെൻറ ചെയര്‍മാനായി അമരത്തുണ്ടായിരുന്നു.
കേരള സാഹിത്യ അക്കാദമിയുടെ 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്കാരം, ബാലസാഹിത്യത്തിനുള്ള സയന്‍സ് ലിറ്ററേച്ചര്‍ പുരസ്കാരം, കാന്ഫെഡിെൻറ മികച്ച അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പി.ടി. ഭാസ്കരപ്പണിക്കര് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രഫ. കേശവന് ഭാരവാഹിയായിരുന്ന വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാല അദ്ദേഹത്തിെൻറ സ്മരണക്കായി എല്ലാ വര്‍ഷവും ചെറുകഥ മത്സരം സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.