നരയന്‍കുറ്റി ക്രോസ്ബാറിലെ ഷട്ടറുകള്‍ താഴ്ത്തിയില്ല; വാസുപുരം മേഖലയില്‍ ജലക്ഷാമം രൂക്ഷം
text_fieldsകൊടകര: വെള്ളിക്കുളം വലിയ തോട്ടിലെ വാസുപുരം നരയന്‍കുറ്റി ക്രോസ് ബാറില്‍ വെള്ളം സംഭരിച്ചു നിര്‍ത്താത്തത് പരിസര പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാക്കുന്നു. കിണറുകളും കുളങ്ങളും വറ്റിതുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു.
വേനല്‍ക്കാലത്ത് കൃഷിക്കും കുടിവെള്ളത്തിനുമായി വെള്ളം സംഭരിച്ചു നിര്‍ത്താനായി വെള്ളിക്കുളം വലിയ തോട്ടില്‍ വെള്ളിക്കുളങ്ങര മുതല്‍ വാസുപുരം വരെ ഒമ്പതോളം ക്രോസ് ബാറുകള്‍ നിര്‍മിച്ചിട്ടുണ്ട്.
വാസുപുരം നരയന്കുറ്റിയാലാണ് അവസാനത്തെ ക്രോസ് ബാറുള്ളത്. ഇതില്‍ സംഭരിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് നൂലുവള്ളി, വാസുപുരം പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നത്. സമീപത്തെ കരപ്രദേശങ്ങളിലുള്ള കിണറുകളിലേയും കുളങ്ങളിലേയും ജലസമൃദ്ധി വേനല്‍ മാസങ്ങളില്‍ ക്രോസ് ബാറില്‍ സംഭരിക്കപ്പെടുന്ന വെള്ളത്തെ ആശ്രയിച്ചാണ്. ഒരു മാസം മുമ്പ് നൂലുവള്ളി, വാസുപുരം പാടശേഖരങ്ങളില്‍ നെല്ല് വിളഞ്ഞതിനെ തുടര്‍ന്ന് ക്രോസ് ബാറിന്റെ ഷട്ടറുകള്‍ പൂര്‍ണമായി ഉയര്‍ത്തിയതോടെ പരിസരത്തെ കരപ്രദേശങ്ങളില്‍ ജലക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനല്‍ച്ചൂടിന് കാഠിന്യമേറിയതോടെ കിണറുകളില്‍ ജലനിരപ്പ് പെട്ടെന്ന് താഴ്ന്നു.
ഇതോടെ ജാതി, വാഴ, തെങ്ങ്, പച്ചക്കറികള്‍ എന്നിവക്ക് ജലസേചനം നടത്താനാകാതെ കര്‍ഷകര്‍ വലയുകയാണ്. എത്രയും വേഗം ഷട്ടറുകള്‍ താഴ്ത്തി വെള്ളം സംഭരിച്ചുനിര്ത്തിയില്ലെങ്കില് കിണറുകള്‍ വറ്റുമെന്ന് പ്രദശവാസികള്‍ പറയുന്നു.
പാടശേഖരങ്ങളിലെ കൊയ്ത്ത് പൂര്‍ത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നരയന്‍കുറ്റി തടയണയിലെ ഷട്ടറുകള്‍ താഴ്ത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.