തൊട്ടുമുന്നില്‍ കാട്ടാന; ഞെട്ടൽ മാറാതെ സതീശന്‍; താളൂപ്പാടത്ത് വീടിനുനേരെ കാട്ടുകൊമ്പന്‍റെ പരാക്രമം
text_fieldsകൊടകര: മറ്റത്തൂരിലെ വനാതിര്‍ത്തി ഗ്രാമമായ താളൂപ്പാടത്ത് വീടിനുനേരെ കാട്ടുകൊമ്പന്‍റെ പരാക്രമം. വരാന്തയിൽ ഇരിക്കുകയായിരുന്ന 47കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. താളൂപ്പാടം മുട്ടത്തറ കൃഷ്ണന്റെ വീട്ടിലേക്കാണ് ഒറ്റയാന്‍ എത്തിയത്. ഈ സമയത്ത് മകന്‍ സതീശന്‍ വീടിന്റെ വരാന്തയിലിരുന്ന് മൊബൈല്‍ ഫോൺ നോക്കുകയായിരുന്നു. ശബ്ദം കേട്ട് മുഖമുയര്‍ത്തിയപ്പോഴാണ് തൊട്ടുമുന്നില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടത്.
സമീപത്തെ റബര്‍ തോട്ടത്തിലൂടെയാണ് ആന എത്തിയത്. സതീശനെ ചുറ്റിപ്പിടിക്കാൻ ആന തുമ്പിക്കൈ ഉയര്‍ത്തിയത് കണ്ട് സതീശന്‍ അകത്തേക്ക് ഓടി. ഓട്ടത്തിനിടെ വീണ ഇയാള്‍ക്ക് നേരിയ തോതില്‍ പരിക്കേറ്റു. വീടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച ആനയുടെ തുമ്പിക്കൈ കൊണ്ട് വീടിനുമുന്നിലെ തകരഷീറ്റ് തകര്‍ന്നു. മേല്‍ക്കൂരക്കും ഭാഗിക നാശമുണ്ടായി. ഭയന്ന് നിലവിളിച്ച വീട്ടുകാരുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ആന പിന്മാറുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലക സംഘത്തിനുനേരെ നാട്ടുകാര്‍ രോഷാകുലരായി.
കാട്ടാനശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് നാട്ടുകാര്‍ തീരുമാനമെടുത്തെങ്കിലും ഒന്നര മാസത്തിനുള്ളില്‍ വനാതിര്‍ത്തിയില്‍ കാര്യക്ഷമമായ രീതിയില്‍ സോളാര്‍ വേലി സ്ഥാപിച്ച് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് പിരിഞ്ഞുപോകുകയായിരുന്നെന്ന് പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന്‍ അറിയിച്ചു.
ഏതാനും ദിവസങ്ങളായി താളൂപ്പാടം മുപ്ലി റോഡില്‍ പകല്‍പോലും കാട്ടാനകള്‍ കൂട്ടമായി വിഹരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.