കാട്ടാനശല്യം; ഉറക്കം നഷ്ടപ്പെട്ട് വനാതിർത്തി ഗ്രാമങ്ങള്‍
text_fieldsകൊടകര: കാടിറങ്ങുന്ന കരിവീരക്കൂട്ടങ്ങള് മലയോര ഗ്രാമങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്നു. നേരത്തെ കൃഷിയിടങ്ങളിലിറങ്ങി നാശം സൃഷ്ടിച്ചിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ കര്‍ഷക ഗ്രാമങ്ങളിലെ വീട്ടുമുറ്റങ്ങളിലെത്തിയാണ് കൊലവിളി ഉയര്‍ത്തുന്നത്.
മറ്റത്തൂരിലെ മലയോര ഗ്രാമങ്ങളായ പത്തുകുളങ്ങര, ഇഞ്ചക്കുണ്ട്, താളൂപ്പാടം, അമ്പനോളി, പോത്തന്‍ചിറ, നായാട്ടുകുണ്ട്, മുപ്ലി, ചൊക്കന എന്നിവിടങ്ങളിലാണ് കാട്ടാനകളുടെ ശല്യമുള്ളത്. ഇതിനെതിരെ കര്‍ഷക രോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് വനം വകുപ്പ് പലയിടങ്ങളിലും വനാതിര്‍ത്തിയില്‍ സോളാര്‍ വൈദ്യുത വേലികള്‍ സ്ഥാപിച്ചു.
എന്നാല്‍, സോളാര്‍വേലിയുടെ പരിപാലനം ശരിയായ രീതിയില്‍ നടക്കാത്തതിനാല്‍ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും എത്തുന്നത് ഫലപ്രദമായി തടയാന്‍ അധികൃതര്‍ക്കായിട്ടില്ല.
രണ്ടര വര്‍ഷം മുമ്പ് ചൊക്കന എസ്റ്റേറ്റ് പാഡിയില്‍ വീടിന്റെ പിന്മുറ്റത്ത് കാട്ടാനയെ കണ്ട് യുവതി കുഴഞ്ഞുവീണ സംഭവത്തെ തുടര്‍ന്ന് ജനരോഷം ശക്തമായപ്പോള്‍ മന്ത്രിയും പ്രതിപക്ഷ നേതാവും എം.പി.യും കലക്ടറുമെല്ലാം പ്രദേശം സന്ദര്‍ശിച്ച് വേണ്ടതുചെയ്യുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്കി മടങ്ങിയിരുന്നു. എന്നാല്‍ ഫലപ്രദമായ നടപടികളൊന്നും പിന്നീട് ഉണ്ടായില്ല. ഏതാനും മാസം മുമ്പ് ചൊക്കന എസ്റ്റേറ്റ് മേഖലയിലെ മുപ്ലി പ്രദേശത്ത് തോട്ടംതൊഴിലാളി കാട്ടാനയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടതോടെ ജനരോഷം വീണ്ടും ശക്തമായി. ഇനിയൊരു മനുഷ്യ ജീവന് കൂടി നഷ്ടപ്പെടാന്‍ ഇടവരാത്ത വിധത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫിസ് മാര്‍ച്ചടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ നടന്നു.
ഇതിനെ തുടര്‍ന്ന് മലയോര പാതകളില്‍ വഴിവിളക്കുകള്‍ മുടങ്ങാതെ തെളിയിക്കാനും കാട്ടാന ശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ വനംവകുപ്പിന്റെ മൈബൈല്‍ സ്ക്വാഡുകളെ നിയോഗിക്കാനും തീരുമാനമുണ്ടായി. എന്നാല്‍ ഇത് പൂര്‍ണമായി നടപ്പായില്ല. നേരത്തെ കൃഷയിടങ്ങളില്‍ മാത്രം വിഹരിച്ചിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ രാത്രിയായാല്‍ വീട്ടുമുറ്റങ്ങളില്‍ തമ്പടിക്കുന്ന സ്ഥിതിയായി. കഴിഞ്ഞ രാത്രി പത്തോലം കാട്ടാനകളാണ് പത്തുകുളങ്ങരയിലെ വീടുകളുടെ മുറ്റത്ത് വിഹരിച്ചത്.
ഇഞ്ചക്കുണ്ട്, പത്തുകുളങ്ങര, ചൊക്കന എന്നിവിടങ്ങളിലായാണ് വീടുകള്‍ക്കു സമീപം കാട്ടാനകളെത്തുന്നത്. മഴക്കാലമായതോടെ വീടുകളുടെ സമീപത്തേക്ക് കാട്ടാനയെത്തുന്നത് മനസ്സിലാക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വീടിനു ചുറ്റും വൈദ്യുത വിളക്കുകള്‍ തെളിയിച്ച് രാത്രി മുഴുവന്‍ ഉറങ്ങാതെ കാവലിരിക്കേണ്ട ഗതികേടിലാണ് പല കുടുംബങ്ങളും.
പത്തുകുളങ്ങരയില്‍ വീടുകള്‍ക്ക് സമീപം കാട്ടാനക്കൂട്ടം
കോടാലി: മറ്റത്തൂരിലെ വനാതിര്‍ത്തി ഗ്രാമമായ പത്തുകുളങ്ങരയില്‍ ബുധനാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി വ്യാപക നാശം വരുത്തി. വീടുകളുടെ മുറ്റത്തെത്തിയ കാട്ടാനക്കൂട്ടം വീടുകള്‍ക്കുനേരെ തിരിയാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. മറ്റത്തൂര്‍ പഞ്ചായത്തില്‍ കാട്ടാനശല്യം പതിവായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് പത്തുകുളങ്ങര. രണ്ടുമാസത്തെ ഇടവേളക്കുശേഷമാണ് ഇവിടെ വീണ്ടും കാട്ടാനശല്യം വര്‍ധിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ ഒരു കുട്ടിയാന അടക്കം പത്ത് കാട്ടാനകളാണ് കൂട്ടമായി പത്തുകുളങ്ങരയില്‍ എത്തിയത്. മതില് തകര്‍ത്ത് പറമ്പുകളിലേക്ക് കടന്ന കാട്ടാനകളുടെ വിളയാട്ടത്തില്‍ തെങ്ങ്, കവുങ്ങ്, വാഴ, റബര്‍ എന്നീ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കുണ്ടുവായില്‍ ഉസ്മാന്, ചങ്ങനാശ്ശേരി സാജിത, അറക്കല്‍ ജോര്‍ജ് എന്നിവരുടെ പറമ്പുകളിലാണ് കൂടുതല്‍ നാശം ഉണ്ടായത്.
കുണ്ടുവായില്‍ ഉസ്മാന്റെ മതില് തകര്‍ത്താണ് കാട്ടാനക്കൂട്ടം പറമ്പിലേക്ക് കടന്നത്. മുപ്പത് സെന്റ് സ്ഥലത്തെ മുഴുവന്‍ കാര്‍ഷിക വിളകളും ചവിട്ടിമെതിച്ചു. സമീപത്തെ വീടുകളിലുണ്ടായിരുന്നവര്‍ ഒച്ചയെടുത്താണ് കാട്ടാനകളെ തുരത്തിയത്. പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കാട്ടാനകളെ ഭയന്ന് സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്നും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനേക്കാള്‍ ജീവൻ അപകടത്തിലാവുമോ സംഭവിക്കുമോ എന്ന ഭീതിയിലാണ് തങ്ങളെന്നും നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.