ഇഞ്ചക്കുണ്ടില്‍ വീടുകള്‍ക്കരികെ കാട്ടാനകള്‍
text_fieldsകൊടകര: മറ്റത്തൂരിലെ ഇഞ്ചക്കുണ്ട് പ്രദേശത്ത് കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
ഇഞ്ചക്കുണ്ട് പാട്ടുകര ഷെരീഫ്, മുല്ലക്കുന്നേല്‍ ജോണി, എടത്തനാട്ട് കൊച്ചുത്രേസ്യ എന്നിവരുടെ വീടുകള്ക്കരികിലെത്തിയ കാട്ടാനകള്‍ തെങ്ങ്, കമുക്, ഇഞ്ചികൃഷി എന്നിവ വ്യാപകമായി നശിപ്പിച്ചു. രാത്രി രണ്ടോടെയാണ് നാല് ആനകള്‍ ഈ പ്രദേശത്ത് എത്തിയത്.
വീട്ടില്‍ ഒറ്റക്കായിരുന്ന കൊച്ചുത്രേസ്യ ശബ്ദം കേട്ട് ജനല്‍വഴി നോക്കിയപ്പോഴാണ് ആനകളെ കണ്ടത്. പുലര്‍ച്ചെ അഞ്ച് വരെ ആനകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുതുക്കാട് സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ഥി ടൂര്‍ പോകാൻ പുലർച്ചെ റോഡിലിറങ്ങിയപ്പോള്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടെങ്കിലും ഓടിരക്ഷപ്പെട്ടു. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ റോഡില്‍ ആന നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞതിനാലാണ് വിദ്യാര്‍ഥിക്ക് രക്ഷപ്പെടാനായത്.
കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങി കൃഷിനാശമുണ്ടാക്കിയ ഇഞ്ചക്കുണ്ട് പ്രദേശം കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുധന് കാരയില്‍ സന്ദര്‍ശിച്ചു. മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഇഞ്ചക്കുണ്ടില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവിപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുധന് കാരയില്‍ ആവശ്യപ്പെട്ടു.
വെള്ളിക്കുളങ്ങര പ്രകൃതി സംരക്ഷണ വേദി പ്രസിഡന്റ് ജോസഫ് കുപ്പാപ്പിള്ളി, സജീവ്കുമാര്‍ പൈങ്കയില് എന്നിവരും കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ച പ്രദേശത്തെത്തി. കാട്ടാന ഭീതിയകറ്റാന്‍ നടപടി ഉണ്ടാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.