ചൊക്കന തോട്ടം മേഖലയില്‍ കാട്ടാനകള്‍ റബര്‍ മരങ്ങള്‍ നശിപ്പിക്കുന്നു
text_fieldsകൊടകര: ചൊക്കന, മുപ്ലി മേഖലയിലെ തോട്ടങ്ങളില്‍ വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ വ്യാപകമായി റബര്‍മരങ്ങള്‍ നശിപ്പിക്കുന്നു. റബര്‍ മരങ്ങളുടെ തൊലിയും ഇലകളും കാട്ടാനകള്‍ തിന്നുനശിപ്പിക്കുന്നത് കർഷകരെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചൊക്കന, മുപ്ലി മേഖലയിലെ റബര്‍ തോട്ടങ്ങളിലായി നൂറിലേറെ കാട്ടാനകളാണ്തമ്പടിച്ചിട്ടുള്ളത്.
റബര്‍ മരങ്ങളുടെ തൊലിയും ഇലകളും തിന്നുന്നതിനാല്‍ മരങ്ങള്‍ നശിച്ചുപോകുകയാണ്. ചൊക്കന, കാരിക്കടവ്, മുപ്ലി പ്രദേശങ്ങളില്‍ മാത്രം നൂറിലേറെ ഏക്കര്‍ സ്ഥലത്തെ റബര്‍ കൃഷി കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. മുറിച്ചുമാറ്റുന്ന റബര്‍ മരങ്ങള്‍ക്ക് പകരം നട്ടുപിടിപ്പിക്കുന്ന തൈക്കളും ആനകള്‍ തിന്നുനശിപ്പിക്കുന്നത് തോട്ടം മേഖലയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി കണ്‍വീനര്‍ ജോബിള്‍ വടാശേരി പറഞ്ഞു.
ഹാരിസന് പ്ലാന്റേഷനിലെ കാരിക്കടവില്‍ 50 ഏക്കറോളം സ്ഥലത്ത് അടുത്തിടെ റീപ്ലാന്റ് ചെയ്ത പതിനായിരത്തോളം റബര്‍ തൈക്കള്‍ പൂര്‍ണമായും കാട്ടാനകള്‍ നശിപ്പിച്ചു. ചക്കിപറമ്പില് 75 ഹെക്ടര്‍ സ്ഥലത്തെ നാലുവര്‍ഷത്തോളം വളര്‍ച്ചയെത്തിയ റബര്‍ മരങ്ങളും കാട്ടാനകളുടെ ഒടിച്ചിട്ട് നശിപ്പിരുന്നു.
മുപ്ലി പ്രദേശത്ത് രണ്ടാഴ്ച മുമ്പ് കാട്ടാനകള്‍ നശിപ്പിച്ച റബര്‍ തൈകളുടെ എണ്ണം മൂവായിരത്തോളമാണ്. ഒച്ചയെടുത്തും പടക്കംപൊട്ടിച്ചും കാട്ടാനകളെ തുരത്താന്‍ ശ്രമിക്കുന്നത് ഫലപ്രദമാകുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
റീപ്ലാന്റ് ചെയ്യുന്ന റബര്‍ തൈക്കള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാല്‍ തോട്ട മാനേജ്മെന്റ് പലയിടത്തും ഭൂമി തരിശിടുകയാണ്. തോട്ടങ്ങളിലെ കാട്ടാനശല്യം നേരത്തെ തൊഴില്‍ ചെയ്യുന്നതിന് തടസ്സമായിരുന്നെങ്കില്‍ ഇപ്പോള്‍ തൊഴില്‍ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നതെന്ന് ചൊക്കനയിലെ തോട്ടം തൊഴിലാളിയായ മുഹമ്മദലി പറഞ്ഞു. റബര്‍ തോട്ടങ്ങളില്‍ വിഹരിക്കുന്ന കാട്ടാന, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ തൊഴിലാളികളുടെ ജീവനും ഭീഷണിയാണ്. തോട്ടം മേഖല നേരിടുന്ന ഈപ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. കാട്ടാന ശല്യം മൂലം തോട്ടം മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സര്‍ക്കാറിനെ ബോധ്യപ്പെടുത്താൻ ജനകീയ കണ്വന്ഷന് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മേഖലയിലെ ട്രേഡ് യൂനിയനുകള്‍.
റോഡിലിറങ്ങിയും ഭീതി പരത്തി കാട്ടാനക്കൂട്ടം
ആമ്പല്ലൂർ: പാലപ്പിള്ളിയിൽ കുണ്ടായി-ചൊക്കന റോഡിലും റോഡിനിരുവശത്തുമായി കാട്ടാനശല്യം രൂക്ഷമായി. കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് പാലപ്പിള്ളി, എച്ചിപ്പാറ, കുണ്ടായി പ്രദേശങ്ങൾ.
മേഖലയിൽ മാസങ്ങളായി ആനകളുടെ സാന്നിധ്യമുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇവ അക്രമാസക്തരായതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്.
കഴിഞ്ഞ ദിവസം കുണ്ടായിയിൽ റോഡിൽ പിടിയാന ഉറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് സമീപത്തായി റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടം വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്തിരുന്നു. കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് വഴിയാത്രക്കാർ രക്ഷപ്പെടുന്നത്.
കാടുമൂടിയ റബർത്തോട്ടങ്ങളിൽ നിന്ന് റോഡിലേക്കിറങ്ങുന്ന ആനകളെ അടുത്തെത്തുമ്പോഴാണ് വാഹനയാത്രക്കാർക്ക് കാണാൻ കഴിയുന്നത്. വനാതിർത്തികളിൽ കിടങ്ങുകൾ തീർത്ത് ആനകളെ തടയുകയാണ് പോംവഴി.
പലതവണ നാട്ടുകാർ വനംവകുപ്പിൽ പരാതി നൽകിയെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അധികാരികൾ ഒഴിഞ്ഞുമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.