കാട്ടാനക്കൂട്ടം ഉള്‍വനത്തിലേക്ക് മടങ്ങാത്തത് കുട്ടിയാനകളെ കടുവയിൽനിന്ന് രക്ഷിക്കാൻ
text_fieldsകൊടകര: ജനവാസ മേഖലയോട് ചേര്‍ന്ന് കാടുകളിലും റബര്‍ തോട്ടങ്ങളിലും തമ്പടിക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ ഉള്‍വനത്തിലേക്ക് മടങ്ങാത്തത് കുട്ടിയാനകളുടെ സുരക്ഷ കണക്കിലെടുത്ത്. ഉള്‍വനത്തില്‍ വര്‍ധിച്ചുവരുന്ന കടുവകളുടെ സാന്നിധ്യമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകളും ഗ്രാമങ്ങളില്‍ സമൃദ്ധമായി വിളയുന്ന ചക്കയും തിന്ന് വനാതിര്‍ത്തിയില്‍ തമ്പടിക്കുന്ന കാട്ടാനക്കൂട്ടങ്ങളില്‍ കുട്ടിയാനകളും ഉണ്ട്. ഹാരിസണ്‍ പ്ലാന്റേഷനിലെ പാലപ്പിള്ളി, മുപ്ലി എസ്‌റ്റേറ്റുകളില്‍ മാത്രം അടുത്ത കാലത്ത് ഒരു ഡസനോളം ആനകൾ പ്രസവിച്ചതായാണ് കണക്ക്. കുട്ടിയാനകളുമായി ഉള്‍ക്കാട്ടിലേക്ക് മടങ്ങിയാല്‍ അവരെ കടുവ ആക്രമിക്കുമെന്നതിനാല്‍ ആനക്കൂട്ടങ്ങള്‍ വനാതിര്‍ത്തിയിലും റബര്‍ പ്ലാന്‍റേഷനിലുമായി തുടരുകയാണ്.
ജനവാസ മേഖലയിലിറങ്ങിയാല്‍ വിശപ്പകറ്റാന്‍ കാര്‍ഷിക വിളകളും ദാഹമകറ്റാന്‍ മുപ്ലി, ചിമ്മിനി പുഴകളില്‍നിന്ന് വെള്ളവും ലഭിക്കുമെന്നതിനാല്‍ കാട്ടാനകള്‍ കുട്ടികളുമായി വനത്തിന് പുറത്തുതന്നെ സുരക്ഷിതമായി കഴിയുന്നു. കടുവകള്‍ പൊതുവേ വലിയ ആനകളെ ആക്രമിക്കാറില്ല. എന്നാല്‍, കുട്ടിയാനകളെ വേട്ടയാടി തിന്നും. ഏതാനും വര്‍ഷം മുമ്പ് ഇരവികുളം വന്യജീവി സങ്കേതത്തില്‍ കാട്ടാനയെ കടുവ ആക്രമിച്ചിരുന്നു. മൂന്നാറിലെ ഇടമല കുടിയിലും ഇത്തരത്തില്‍ പിടിയാനയെയും കുട്ടിയാനയെയും കടുവ ആക്രമിച്ചിട്ടുണ്ട്.
പറമ്പിക്കുളം കടുവ സങ്കേതത്തോട് ചേര്‍ന്നതാണ് മറ്റത്തൂര്‍, കോടശ്ശേരി, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ കിഴക്കേ അതിര്‍ത്തിയിലെ വനങ്ങള്‍. ഈ വനങ്ങളില്‍ പലയിടത്തും കടുവകളുടെ സാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.