വന്യജീവി ഫോട്ടോ പ്രദർശനം; വിസ്മയിപ്പിച്ച് നിമയ് പ്രവീണും ഇഷാന് മുരളിയും
text_fieldsകൊടകര: സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ട് ഫോട്ടോഗ്രഫര്‍മാരുടെ വന്യജീവി ഫോട്ടോപ്രദര്‍ശനം കോടാലി ഫോട്ടോമ്യൂസ് വിജയകുമാര്‍ മേനോന് സ്മാരക ഓപന്‍ ആർട്ട് ഗാലറിയില്‍ തുടങ്ങി. പേരാമംഗലത്തെ നിമയ് പ്രവീണ്‍, ആമ്പല്ലൂരിലെ ഇഷാന് എന്നിവർ പകര്‍ത്തിയ 25 ഓളം ചിത്രങ്ങളാണ് ‘ഫ്യൂച്ചര്സ്കേപ്സ്’ എന്ന പ്രദര്‍ശനത്തിലുള്ളത്.
ഇളം പ്രായത്തില്‍ അധികമാര്‍ക്കും കൈയെത്തിപിടിക്കാന്‍ കഴിയാത്ത വന്യജീവി ഫോട്ടോഗ്രഫി മേഖലയില്‍ മികച്ച ചിത്രങ്ങളിലൂടെ വിസ്മയിപ്പിക്കുകയാണ് ഈ കരുന്നുപ്രതിഭകള്. വന്യജീവി ഫോട്ടോഗ്രാഫറും ആര്‍ക്കിടെക്ടുമായ പ്രവീണ്‍ മോഹന്‍ദാസിന്റേയും ആര്‍ക്കിടെക്ട് വൈഷ്ണവി ചിത്തിരൈബാലന്റെയും മകനായ നിമയ് തൃശൂര്‍ ഹരിശ്രീ വിദ്യാനിധി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വന്യജീവി ഫോട്ടോഗ്രാഫറും ബിസിനസ്കാരനുമായ മുരളി മോഹന്റേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥയും വന്യജീവി ഫോട്ടോഗ്രാഫറുമായ മൃദുല മുരളിയുടേയും മകനായ ഇഷാന് പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പ്രദര്‍ശന ഉദ്ഘാടനം നിമയും ഇഷാനും ചേര്‍ന്ന് നിര്‍വഹിച്ചു.
ഫോട്ടോമ്യൂസ് ഡയറക്ടര്‍ ഡോ.ഉണ്ണികൃഷ്ണന് പുളിക്കല്‍, സീമ സുരേഷ്, ആനന്ദ് ദുഗര്‍, പ്രവീണ്‍ മോഹന്‍ദാസ്, മുരളി മോഹന്‍, വി.കെ.കാസിം, ശ്രീനി പുല്ലരിക്കല്‍, പി.എസ്. മോഹന്‍ദാസ്, നിമയ്, ഇഷാന് എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം ഈ മാസം 31 വരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.