കാറ്റും മഴയും; ജില്ലയിൽ വ്യാപക നാശം
text_fieldsകൊടകര: ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മറ്റത്തൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. ചെട്ടിച്ചാൽ, ചെമ്പുചിറ, നൂലുവള്ളി, മന്ദരപ്പിള്ളി എന്നിവിടങ്ങളിലാണ് നാശമുണ്ടായത്. മന്ദരപ്പിള്ളിയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് ഒരു കാറും ഭാഗികമായി തകർന്നു.
ചെട്ടിച്ചാലിൽ രണ്ട് കോഴിഫാമുകൾ തകർന്ന് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. നൂറുകണക്കിന് ജാതിമരങ്ങൾ കാറ്റിൽ നിലംപൊത്തി. തെങ്ങ്, വാഴ, കവുങ്ങ് എന്നിവയും നശിച്ചു.
ചാലക്കുടിയിൽ മരങ്ങൾ വീണു
ചാലക്കുടി: ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ വേനൽ മഴയിൽ മരങ്ങൾ വീണ് ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം.
പോട്ടയിൽ വ്യാസ വിദ്യാനികേതന് സമീപവും ൈഫ്ല ഓവറിന് സമീപവും പടിഞ്ഞാറെ ചാലക്കുടി എസ്.എച്ച് കോളജിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിലും മരം വീണ് ഗതാഗതം സ്തംഭിച്ചു. ചാലക്കുടി അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാരെത്തിയാണ് മരങ്ങൾ നീക്കം ചെയ്തത്.
ഇരിങ്ങാലക്കുടയിൽ മരം വീണ് ഗതാഗതം നിലച്ചു
ഇരിങ്ങാലക്കുട: മേഖലയിൽ മരങ്ങൾ വീണ് വൈദ്യുതി നിലക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കരുവന്നൂരിൽ വലിയ പാലത്തിന് സമീപം വൈകീട്ട് ആറരയോടെ മരം വീഴുകയും ഏറെ നേരം ഗതാഗതം മുടങ്ങുകയും ചെയ്തു. വൈദ്യുതി ബോർഡ് ജീവനക്കാരെത്തി മരം മുറിച്ചുനീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാറളം പ്രദേശത്തും മരം വീണ് വൈദ്യുതി മുടങ്ങുകയും ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തു. നഗരസഭ പ്രദേശത്തും വൈദ്യുതി നിലച്ചു.
പൂവത്തുശ്ശേരിയിൽ റോഡിൽ മരം വീണു
മാള: ചുഴലിക്കാറ്റിൽ പൂവത്തുശ്ശേരിയിൽ റോഡിന് കുറുകെ മരം വീണു. വൈദ്യുതി തൂൺ ചെരിഞ്ഞ് കമ്പികൾ റോഡിലേക്ക് താഴ്ന്നെങ്കിലും കെ.എസ്.ഇ.ബി അധികൃതരെത്തി അപകടം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.