ഇന്ന് ലോക നാടക ദിനം; നാടകത്തെ ചേര്‍ത്തുപിടിച്ച് പ്രഭാകരന് കോടാലി
text_fieldsകൊടകര: വള്ളുനാട് ബ്രഹ്മയുടെ ‘കോതാമൂരി’ നാടകം കണ്ടവരാരും ശനിപ്പനിയനെ മറക്കില്ല. 14 വര്‍ഷം മുമ്പ് കേരളത്തിലെ വേദികളില്‍ നിറഞ്ഞാടിയ ശനിപ്പനിയനെ ഇന്നും പ്രേക്ഷകര്‍ ഓർക്കുന്നത് പ്രഭാകരന് കോടാലിയെന്ന നടനുള്ള മികവിന്റെ സാക്ഷ്യപത്രമാണ്. അരനൂറ്റാണ്ടിലേറെയായി മലയാളത്തിലെ പ്രഫഷനല്‍ നാടകരംഗത്ത് തിളങ്ങി നില്‍ക്കുകയാണ് ഈ കലാകരന്. 18-ാം വയസില്‍ അമേച്വര്‍ നാടകവേദിയിലേക്ക് കയറിയ ഇദ്ദേഹം 69ലും പ്രഫഷനല്‍ നാടക രംഗത്ത് സജീവമാണ്. 18 വയസുള്ളപ്പോഴാണ് മുരിക്കുങ്ങല്‍ ഉദയ ക്ലബിന്റെ നാടകത്തിലൂടെ പ്രഭാകരന് അരങ്ങത്തെത്തിയത്.
കന്നി അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം അന്ന് കരസ്ഥമാക്കി. തുടര്‍ന്ന് പത്തുവര്‍ഷത്തോളം അമേച്വര്‍ രംഗത്ത് തുടര്‍ന്നു. അറുപതിലേറെ നാടകങ്ങളില്‍ മികച്ച വേഷം അവതരിപ്പിച്ചു. 28-ാം വയസില്‍ പ്രവാസിയായി. സൗദിയിലും തുടര്‍ന്ന് ദുബൈയിലുമായി 18 വര്‍ഷം ജോലി ചെയ്തു. പ്രവാസ ജീവിതത്തിനിടെ ഗള്‍ഫ് റേഡിയോകള്‍ക്കായി സ്കിറ്റുകള്‍ എഴുതി. നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചു. ‘ശവംനാറി പൂക്കളുടെ കാവല്ക്കാരന്’ എന്ന നാടകമെഴുതി സംവിധാനം ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പ്രഫഷനല്‍ നാടക രംഗത്ത് സജീവമായത്.
ഇ.കെ.നായനാരുടെ ജീവിതത്തെ ആസ്പദമാക്കി പിരപ്പന്‍കോട് മുരളി ഒരുക്കിയ ‘ജനനായകന്’ നാടകത്തില്‍ അഭിനയിക്കാനായത് ഭാഗ്യമായി ഈ കലാകരന് കരുതുന്നു. കല്യാശേരിയില്‍ നാടകം അവതരിപ്പിക്കാന്‍ പോയപ്പോള്‍ നായനാരുടെ സഹധര്‍മിണി ശാരദടീച്ചര്‍ അഭിനന്ദിച്ചതും മറക്കാനാവാത്ത അനുഭവമാണ്. എട്ടോളം ടെലിവിഷന്‍ പരമ്പരകളിലും പ്രഭാകരന് കോടാലി അഭിനയിച്ചു. എറണാകുളം നാടകവേദിയുടെ ‘സാഗരം സാക്ഷി’ എന്ന നാടകത്തിലാണ് ഇപ്പോള്‍ പ്രധാന വേഷം അവതരിപ്പിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം അഭിനയജീവിതത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിച്ച വേളയില്‍ വെള്ളിക്കുളങ്ങരയിലെ സേവ് സംഘടന കോടാലി കുട്ടിയമ്പലം റോഡിലുള്ള വീട്ടിലെത്തി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ലളിതയാണ് ഭാര്യ. ആശ, അഭിലാഷ്, അനൂപ് എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.