‘വഴി തെറ്റിച്ച്’ ദിശാ ബോര്‍ഡ്
text_fieldsകൊടകര: ദേശീയപാതയിലൂടെ വരുന്ന വാഹനയാത്രക്കാര്‍ക്കായി അധികൃതര്‍ സ്ഥപിച്ച ദിശാബോര്‍ഡില്‍ മാളയുടെ പേരില്ലാത്തത് യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. തൃശൂര്‍, മണ്ണുത്തി ഭാഗങ്ങളില്‍നിന്ന് മാളയിലേക്ക് വരുന്ന വാഹനങ്ങള്‍ കൊടകര ശാന്തി ജങ്ഷനിൽനിന്ന് സര്‍വിസ് റോഡിലൂടെ ഫ്ലൈ ഓവര്‍ ജങ്ഷനിലെത്തിയ ശേഷം ആളൂര്‍ റോഡ് വഴിയാണ് മാളയിലേക്ക് പോകേണ്ടത്. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കുന്ന ദിശാബോര്‍ഡുകളൊന്നും ദേശീയപാതയില്‍ ഇല്ല. ഇതുമൂലം ദൂരദിക്കുകളില്‍നിന്ന് വരുന്ന വാഹനയാത്രക്കാര്‍ പലപ്പോഴും വഴിയറിയാതെ ദുരിതം അനുഭവിക്കുന്നുണ്ട്.
തൃശൂര്‍, മണ്ണുത്തി ഭാഗങ്ങളില്‍നിന്ന് വരുമ്പോള്‍ കൊടകര എത്തുന്നതിനു മുമ്പായി ഉളുമ്പത്തുകുന്നില്‍ നിന്നാണ് മാള ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിയേണ്ടത്. ഇവിടെ സ്ഥാപിച്ച വലിയ ബോര്‍ഡില്‍ കൊടുങ്ങല്ലൂരിന്റെ പേരുണ്ടെങ്കിലും മാളയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. ഇത് മാളയിലേക്ക് പോകേണ്ട വാഹനങ്ങള്‍ സര്‍വിസ് റോഡിലേക്ക് തിരിയാതെ നേരെ മേല്‍പ്പാലം വഴി മുന്നോട്ടുപോകാന്‍ ഇടയാക്കാറുണ്ട്.
മേല്‍പ്പാലം കടന്ന് ഗാന്ധിനഗറിലോ പെരിങ്ങാംകുളത്തോ എത്തുമ്പോഴാണ് വഴി തെറ്റിയതായി പലരും മനസ്സിലാക്കുന്നത്. ഈ ഭാഗത്ത് യൂടേണ്‍ ഇല്ലാത്തതിനാല്‍ പേരാമ്പ്രയില്‍ ചെന്ന് വാഹനം തിരിച്ച് വീണ്ടും കൊടകരയിലെത്തി മാളയിലേക്ക് പോകേണ്ടിവരാറുണ്ട്. ഉളുമ്പത്തുകുന്നില്‍ സ്ഥാപിച്ച വലിയ ദിശാബോര്‍ഡില്‍ മാളയുടെ പേരു കൂടി ചേര്‍ത്താല്‍ പ്രശ്നം പരിഹരിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.