കോടാലി സ്കൂള്‍ ഇനി സൗരോര്‍ജ പ്രഭയില്‍
text_fieldsകോടാലി: മികച്ച മാതൃകകളിലൂടെ സംസ്ഥാനത്ത് ശ്രദ്ധേയമായ കോടാലി സര്‍ക്കാര്‍ എല്‍.പി സ്കൂള്‍ വീണ്ടും ചരിത്രം കുറിക്കുന്നു. പുതുക്കാട് മണ്ഡലത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ സര്‍ക്കാര്‍ വിദ്യാലയം എന്ന ബഹുമതിയാണ് ഇക്കുറി സ്വന്തമാക്കിയത്.
സമഗ്ര ശിക്ഷ കേരളയില്‍ നിന്ന് അനുവദിച്ച മൂന്നര ലക്ഷം രൂപ വിനിയോഗിച്ച് അഞ്ചു കിലോവാട്ട് ശേഷിയുള്ള സൗരോർജ നിലയമാണ് സ്കൂളിൽ ഒരുക്കിയത്. ഇതിനായി കെട്ടിടത്തിന് മുകളില്‍ 15 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്.
സര്‍ക്കാര്‍ ഏജന്‍സിയായ അനർട്ടാണ് സൗരോര്‍ജ നിലയം നിർമിച്ചത്. പ്രതിദിനം 20 യൂനിറ്റാണ് ഉൽപാദന ശേഷി. പ്രീ പ്രൈമറിയിലെ മുന്നൂറോളം കുട്ടികളുൾപ്പെടെ ആയിരത്തോളം പേർ പഠിക്കുന്ന സ്കൂളില്‍ എല്ലാ ക്ലാസ് മുറികളിലും ഫാന്‍ ഉള്‍പ്പെടെ സൗകര്യങ്ങളുള്ളതിനാല്‍ വൈദ്യുതി ചെലവ് കൂടുതലാണ്.
പ്രതിമാസത്തെ ഭീമമായ വൈദ്യുതി ബില്‍ ഇതോടെ ലാഭിക്കാനാകുമെന്ന് പ്രധാനാധ്യാപിക ടി.എം. ശകുന്തളയും പി.ടി.എ പ്രസിഡന്റ് പി.എസ്. പ്രശാന്തും പറഞ്ഞു. സ്കൂളിലെ ഉപയോഗ ശേഷം മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നല്‍കാനും സാധിക്കും.
രണ്ടു നിലയുള്ള സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ ഇപ്പോള്‍ നിര്‍മിക്കുന്ന കെട്ടിടവും നിർദിഷ്ട പ്രീ പ്രൈമറി സ്കൂള്‍ കെട്ടിടവും പണി പൂര്‍ത്തിയാകുന്ന മുറക്ക് സൗരോര്‍ജ നിലയത്തിന്റെ ശേഷി വര്‍ധിപ്പിക്കാനാകും. സൗരോര്‍ജ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ സുധീഷ്, അംഗങ്ങളായ കെ.എസ്. സൂരജ്, കെ.ടി. ഹിതേഷ്, പ്രധാനാധ്യാപിക ടി.എം. ശകുന്തള, മുന്‍ പ്രധാനാധ്യാപകന്‍ ജോസ് മാത്യു, കൊടകര ബി.പി.സി കെ. നന്ദകുമാര്‍ പി.ടി.എ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ ഷംനാദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.