തൃശൂരിന്റെ സ്മരണകളിൽ കോടിയേരി
text_fieldsജന്മംകൊണ്ടും പ്രവർത്തനം കൊണ്ടും ജില്ലക്കാരനല്ലെങ്കിലും തൃശൂരിന്റെ ബന്ധുവാണ് കോടിയേരി ബാലകൃഷ്ണൻ. സി.പി.എം നേതാവ് എന്ന നിലയിൽ മാത്രമല്ല, വ്യക്തിപരമായ ഏറെ അടുപ്പം സൂക്ഷിച്ച നിരവധിയാളുകളും സ്വകാര്യ സന്ദർശനങ്ങൾക്കായി പരിഗണിച്ച സ്ഥലങ്ങളുമുണ്ട് ജില്ലയിൽ. മകന്റെ ഭാര്യവീടെന്ന ബന്ധം പിന്നീടെത്തിയെങ്കിലും അതിലുപരിയായ ഹൃദയബന്ധം ജില്ലയോട് അവസാന കാലത്തും സൂക്ഷിച്ചു. ജില്ലയുടെ വിവിധ മേഖലകൾക്കും വ്യക്തികൾക്കും ഇന്നും തിളക്കമുള്ള ഓർമയാണ് സഖാവ്. കോടിയേരി വിടപറയുമ്പോൾ ഓർക്കാതിരിക്കാനാവില്ല ഈ നാടിന്.
കൈലിയുടുത്ത്, ഞാറ്റടിയോടിച്ച് പുത്തൂരിന്റെ ഓർമകൾ
തൃശൂർ നഗരാതിർത്തിയിലെ പുത്തൂർ തളിയാംകുന്ന് പാടശേഖരം ഇപ്പോൾ നൂറുമേനി വിളവ് തരുന്ന കൃഷിയിടമാണ്. പതിറ്റാണ്ടുകളായി തരിശ് കിടന്നിരുന്ന ആ നെൽപ്പാടത്ത് 2017ലാണ് വീണ്ടും കൃഷിയിറക്കുന്നത്. സി.പി.എമ്മിന്റെ 22ാമത് സംസ്ഥാന സമ്മേളനത്തിന് വേദിയായത് തൃശൂരായിരുന്നു. സ്വന്തമായി വിളയിച്ചെടുത്ത അരിയും പച്ചക്കറിയും മത്സ്യവുമായിരുന്നു സമ്മേളനത്തിനായി തീരുമാനിച്ചത്.
എല്ലായിടത്തും കൃഷിയിറക്കാനും തരിശിട്ട നിലങ്ങൾ മുഴുവൻ കൃഷിയോഗ്യമാക്കാനുമായിരുന്നു പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായി വർഷങ്ങളായി തരിശിട്ട് കിടന്ന പുത്തൂർ തളിയാംകുന്ന് പാടശേഖരത്തും കൃഷിയിറക്കാൻ ഒല്ലൂരിലെ പാർട്ടി നേൃതൃത്വം തീരുമാനിച്ചു. വെള്ള പ്രശ്നവും വർഷങ്ങളായി തരിശിട്ട് കിടക്കുന്നതിനാലും കൃഷിയിറക്കൽ സാധ്യമാകുമോ എന്ന സംശയങ്ങൾ ഉയർന്നെങ്കിലും എപ്പോഴുമെന്നപോലെ ആർജവമുണ്ടെങ്കിൽ അത് നടപ്പാക്കണമെന്ന ഉറച്ച തീരുമാനമായിരുന്നു കോടിയേരി ബാലകൃഷ്ണൻ മുന്നോട്ടുവെച്ചത്.
അങ്ങനെ തളിയാംകുന്ന് പാടശേഖരത്തിൽ ഞാറ് നട്ട് കൃഷിയിറക്കി. ഞാറ് നടീലിന് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി എത്തിയ കാഴ്ച ഇന്നും പുത്തൂരിനും ഒല്ലൂരിനും മറക്കാനാവില്ല. മുമ്പ് കണ്ട് പരിചയമില്ലാത്ത വേഷത്തിലായിരുന്നു കോടിയേരി. വിപ്ലവ ഗാനങ്ങളും നാടൻ പാട്ടുകളുമായി ആവേശവും അഭിമാനവും നുരഞ്ഞ് പൊങ്ങുന്ന അന്തരീക്ഷത്തിൽ കള്ളിമുണ്ട് ഉടുത്ത്, തലയില്‍ തോര്‍ത്ത് മുറുക്കികെട്ടി കോടിയേരി പാടത്തേക്കിറങ്ങി. ഒരുക്കി നിർത്തിയ ഞാറ്റുനടീല് യന്ത്രത്തിനടുത്തേക്ക് ചളിയിലൂടെ നടന്നു. പിന്നാലെ, അന്നത്തെ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനും സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ബിജുവും.
യന്ത്രത്തിൽ കയറിയ കോടിയേരിക്ക് അത് വഴങ്ങുമോ എന്ന് ആശങ്കപ്പെട്ടുനിന്ന അനുയായികളെ അമ്പരപ്പിച്ച് അദ്ദേഹം അതിനെ ചിരപരിചിതനെ പോലെ മെരുക്കി നീക്കിയപ്പോൾ പിറകിൽ വരിവരിയായി ഞാറ് നിരന്നു. വരമ്പില്‍ കൂടിനിന്നവരുടെ മുദ്രാവാക്യം വിളി ഞാറ്റുപാട്ടുകളുടെയും വിപ്ലവ ഗാനങ്ങളുടെയും പശ്ചാത്തലത്തിൽ ആർപ്പുവിളിയായി മാറി.
ഞാറ് നടീൽ കഴിഞ്ഞ് പാടത്തിനരികിലെ നീർച്ചാലിൽ കൈകാലുകളും മുഖവും കഴുകിയെത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കട്ടൻ ചായയുമെത്തി. ഭക്ഷണം കഴിച്ചും പാർട്ടി പ്രവർത്തകരോട് സൗഹൃദം പങ്കുവെച്ചും നാട്ടുകാരോട് കുശലം പറഞ്ഞും കുറെനേരം ചെലവിട്ടാണ് അദ്ദേഹം മടങ്ങിയത്.
തളിയാംകുന്ന് പാടശേഖരം തരിശിട്ടിരുന്ന കാലം മറന്ന് നിറവിളവ് നൽകുകയാണിപ്പോൾ. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ കൃഷിയിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.