ബൈപാസ് വഴിവിളക്ക് സമരം 125 ദിവസം പിന്നിട്ടു
text_fieldsകൊടുങ്ങല്ലൂർ: രാഷ്ട്രീയമത്സരം മാറ്റിവെച്ച്, കൗൺസിലിൽ ചെയർമാൻ പ്രഖ്യാപിച്ചതുപോലെ നിലവിലെ വൈദ്യുതി പോസ്റ്റുകളിൽ വിളക്കുകൾ സ്ഥാപിച്ച് ബൈപാസിലെ വഴിവിളക്ക് പ്രശ്നം പരിഹരിക്കണമെന്ന് എം.ഇ.എസ് സംസ്ഥാന ട്രഷറർ കെ.കെ. കുഞ്ഞുമൊയ്തീൻ ആവശ്യപ്പെട്ടു.
ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽ ലത്തീഫ് സ്മൃതികൂട്ടായ്മ നടത്തിവരുന്ന സമരത്തിന്റെ 125ാം ദിവസ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭയെ ഇടുങ്ങിയ കക്ഷിരാഷ്ട്രീയക്കളികളിൽ കുരുക്കിയിടാതെ ബഹുജനങ്ങൾ ചൂണ്ടിക്കാണിക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുഖജനാവിലെ 2.20 കോടി രൂപ ചെലവഴിച്ച് വൈദ്യുതീകരണത്തിന് വാങ്ങിയ സാധനസാമഗ്രികൾ ഉപയോഗിക്കാനാവാതെ നശിക്കുന്നത് ഏത് പ്രോജക്ടിന് കീഴിലായാലും തടയാൻ നഗരസഭ അടിയന്തര നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ നെജു ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഇ.കെ. സോമൻ, മൊയ്തീൻ എടച്ചാലിൽ, എ.എം. അബ്ദുൽ ജബ്ബാർ, ടി.ജി. ലീന, പുഷ്കല വേണുരാജ്, എം.കെ. ഗഫൂർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
ബൈപാസിലെ സർവിസ് റോഡിൽ വെളിച്ചം കൊണ്ടുവരുമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൻ പ്രഖ്യാപിച്ചെങ്കിലും വെളിച്ചം വരാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.