മുസിരിസിന്റെ 16 സംരംഭങ്ങൾ ശനിയാഴ്ച നാടിന് സമർപ്പിക്കും
text_fieldsകൊടുങ്ങല്ലൂർ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായി പുതുക്കി പണിത ചേരമാൻ ജുമാമസ്ജിദ് കെട്ടിടത്തിന്റെയും കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്റെയുമടക്കം വിവിധ പൈതൃക സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
കീഴ്ത്തളി ക്ഷേത്രമണ്ഡപം, തിരുവഞ്ചിക്കുളം കനാൽ ഹൗസ്, ഇസ്ലാമിക് ഡിജിറ്റൽ ആർക്കൈവ്സ്, മുസിരിസ് വെബ്സൈറ്റ്, വിവിധ ആരാധനാലങ്ങളുടെ അടിസ്ഥാന വികസനങ്ങൾ എന്നിവയുടെയും ഉദ്ഘാടനം കൊടുങ്ങല്ലൂർ നഗര മധ്യത്തിലെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി നിർവഹിക്കും. വി.ആർ. സുനിൽ കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ബന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും.
ചേരമാൻ ജുമാ മസ്ജിദ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് 1.13 കോടി രൂപയാണ് ചെലവാക്കിയത്. 93.64 ലക്ഷം രൂപ ചെലവാക്കി പള്ളിയുടെ ചുറ്റുമതിലും പണികഴിപ്പിച്ചു. കേരളത്തിന്റെ ശ്രേഷ്ഠ പൈതൃക അവശേഷിപ്പുകളിലൊന്നായ കൊടുങ്ങല്ലൂർ ശ്രീകരുംബ ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളിക സമുച്ചയത്തിന്റെ സംരക്ഷരണ പദ്ധതിക്ക് 3.23 കോടി രൂപയാണ് ചെലവഴിച്ചത്.
ക്ഷേത്ര കെട്ടിടങ്ങളുടെ പുനരുദ്ധാരണപ്രവർത്തനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയായ കീഴ്ത്തളി ക്ഷേത്രത്തിന്റെ ബലിക്കല്ല് മണ്ഡപത്തിന്റെ നിർമാണവും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തി.
ചേര കാലത്തെ ക്ഷേത്രങ്ങളുടെ വാസ്തുശൈലിക്ക് സമാനമായാണ് ഈ ബലിക്കൽ മണ്ഡപം നിർമിച്ചത്. തിരുവഞ്ചിക്കുളത്തെ കനാൽ ഓഫിസ് ഡച്ചുകാർ നിർമിച്ചതാണ്. ആ ചരിത്ര നിർമിതിയുടേയും സംരക്ഷണം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു.
ഇതുകൂടാതെ തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃകുലശേഖരപുരം ആഴ്വാർ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവടങ്ങളിലെ പ്രദക്ഷിണ പദങ്ങൾ, ആൽത്തറകൾ തുടങ്ങിയ അടക്കം പതിനാറ് ആരാധനാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 3.29 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു.
വികസന, സംരക്ഷണ, നവീകരണ പദ്ധതികളുടേയും മുസിരിസ് പൈതൃക പദ്ധതിയുടെ പുതുക്കിയ വെബ്സൈറ്റിന്റെയും ഇസ്ലാമിക് ഡിജിറ്റൽ ആർക്കേവ്സിന്റെയും ഉദ്ഘാടനങ്ങളാണ് മന്ത്രി നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.