മുസിരിസ് ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കാൻ നടപടി
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഈയിടെ ഉദ്ഘാടനം ചെയ്ത ശൃംഗപുരം മുസിരിസ് ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് അതോറിറ്റി കമ്മിറ്റി നടപടി ആരംഭിക്കുന്നു. സെപ്റ്റംബർ 20 മുതൽ പുതിയ സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നടപടിയെടുക്കാനാണ് കമ്മിറ്റി തീരുമാനം. നേരത്തെ നൽകിയ നിർദേശപ്രകാരം ബസുകൾ സർവിസ് നടത്തണമെന്നാണ് അധികൃതരുടെ ആവശ്യം.
ഇതനുസരിച്ച് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് കൊടുങ്ങല്ലൂരിൽ സർവിസ് അവസാനിപ്പിക്കുന്ന ലോക്കൽ ബസുകൾ കിഴക്കേ നടയിലൂടെ ലക്ഷ്മി തിയറ്ററിന് മുന്നിലെത്തി ഇടത്തോട്ട് തിരിഞ്ഞ് മുസിരിസ് ബസ് സ്റ്റാൻഡിലെത്തി സർവിസ് അവസാനിപ്പിക്കണം. കൊടുങ്ങല്ലൂരിൽ സർവിസ് അവസാനിപ്പിക്കുന്ന അഴീക്കോട്ടുനിന്നും പി. വെമ്പല്ലൂരിൽനിന്നുമുള്ള ബസുകളും ഇതേ രീതിയിൽ മുസിരിസ് ബസ് സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കണം.
മുസിരിസ് ബസ് സ്റ്റാൻഡിൽനിന്ന് സർവിസ് ആരംഭിക്കുന്ന ബസുകൾ സ്റ്റാൻഡിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് കോ ഓപറേറ്റിവ് കോളജിന് മുന്നിലെത്തി കിഴക്കേനടയിൽ പ്രവേശിച്ച് സർവിസ് തുടരണം. ലക്ഷ്മി തിയറ്ററിന് മുന്നിൽ നിന്നാരംഭിച്ച് കോ ഓപറേറ്റിവ് കോളജിന് മുന്നിൽ അവസാനിക്കുന്ന റോഡ് വൺവേ ആയിരിക്കും. തൃശൂർ, കൊടുങ്ങല്ലൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് മുസിരിസ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശനമുണ്ടാകില്ല. പറവൂർ ഭാഗത്തേക്ക് പോകേണ്ട ബസുകളും പഴയ പാതയിലൂടെ പോകണം.
സെപ്റ്റംബർ ഒന്നുമുതൽ തീരുമാനം നിലവിൽ വരുമെന്ന് നഗരസഭ അധികൃതർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പായില്ല. ഈ അവസ്ഥ ചൂണ്ടിക്കാട്ടി ബി.ജെ.പിയും കോൺഗ്രസും സമരത്തിനിറങ്ങിയിരുന്നു. ഇതിനിടെയാണ് ട്രാഫിക് അതോറിറ്റി നടപടിയെടുക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.