താളത്തിൽ, ആവേശത്തുഴയെറിഞ്ഞ് 'മുസിരിസ് പാഡിൽ'
text_fieldsകൊടുങ്ങല്ലൂർ: മുസിരിസ് ജലപാതയുടെ ഓളപ്പരപ്പിൽ വീണ്ടും സാഹസികതയുടെ തുഴയെറിച്ചിൽ. താളത്തിൽ, ആവേശത്തോടെ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നെത്തിയ കയാക്കിങ് താരങ്ങൾ ആവേശത്തോടെ തുഴെയെറിഞ്ഞു. പുഴയെ അറിയാനും ഉല്ലസിക്കാനുമായി നടത്തുന്ന ദീർഘദൂര കയാക്കിങ് മുസിരിസ് പാഡിലിന്റെ നാലാം എഡിഷനാണ് കോട്ടപ്പുറം കായലോരത്ത് തുടക്കം കുറിച്ചത്. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ സഹായകരമാകുന്ന വാട്ടർ സ്പോർട്സിന്‍റെ സാധ്യതകൾ തേടിയാണ് മുസിരിസ് പാഡിൽ 2021 സംഘടിപ്പിച്ചത്. സംസ്ഥാന ടൂറിസം വകുപ്പും മുസിരിസ് ഹെറിറ്റേജ് പദ്ധതിയും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബും സംയുക്തമായാണ് പാഡിൽ സംഘടിപ്പിച്ചിരിക്കുന്നത്. മുസിരിസ് കോട്ടപ്പുറം ആംഫി തീയറ്ററിൽ നിന്ന് ആരംഭിച്ച സഹസികയാത്ര ചെറായി വീരൻപുഴ കായൽ വഴി ബോൾഗാട്ടി പാലസ് മറീന വരെ രണ്ട് ദിവസം കൊണ്ട് 40 കിലോമീറ്റർ സഞ്ചരിച്ച് നാളെ (ഫെബ്രുവരി 13) വൈകീട്ട് കൊച്ചി ബോൾഗാട്ടിയിൽ അവസാനിക്കും. കോട്ടപ്പുറം, പള്ളിപ്പുറം, കെടാമംഗലം, വൈപ്പിൻ പ്രദേശങ്ങൾ താണ്ടിയാണ് കയാക്കിങ്. ആദ്യ ദിനം 20 കിലോമീറ്ററാണ് യാത്ര. 13ന് രാവിലെ 8ന് കെടാമംഗലം ശ്രവണം ഗ്രീൻസിൽ നിന്നും ആരംഭിച്ച് നെടുമങ്ങാട് വൈപ്പിൻ വഴിയാണ് ബോൾഗാട്ടി പാലസിലെത്തുക.
വിനോദ സഞ്ചാര മേഖലക്ക് ഉണർവേകാൻ സഹായകമാകുന്ന കയാക്കിങ് ഇവന്‍റ് കയാക്കിങ്, സപ്പിങ്, സെയിലിങ്, കനോയിങ് തുടങ്ങിയ വാട്ടർ സ്പോർട്‌സ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത കായൽ, പുഴയുമായി ബന്ധം പുലർത്തുക എന്നീ ബോധവത്കരണ
ക്യാമ്പയിനും ലക്ഷ്യമാണ്. ഇന്ത്യക്ക് അകത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി നൂറോളം കയാക്കന്മാരാണ് സാഹസിക യാത്രയിൽ പങ്കെടുക്കാൻ എത്തിയത്. ഇതിൽ 20 വനിതാ കയാക്കർമാരും ഉൾപെടുന്നു. ഒമ്പത് ടീമുകളായി തിരിച്ചാണ് കയാക്കിങ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന കയാക്കിങ്ങിൽ മികച്ച രീതിയിൽ സാമൂഹിക അകലം പാലിച്ച് കയാക്കിങ് ചെയ്യുന്ന ടീമിന് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, വാർഡ് കൗൺസിലർ എൽസി പോൾ, ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ജനറൽ മാനേജർ ശ്രീജിത്ത് എം.കെ, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.