ശിശുദിന സ്റ്റാമ്പിൽ തെളിയുക അഖിലിെൻറ വര; അഭിമാനത്തോടെ കൊടുങ്ങല്ലൂർ
text_fieldsകൊടുങ്ങല്ലൂർ: ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിൽ തെളിയുക 16കാരനായ അഖിലിെൻറ വര. കോവിഡ്കാല പ്രതിരോധത്തെ ചിത്രരചനയിലൂടെ ആവാഹിച്ചതിനാണ് അംഗീകാരം. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽനിന്നുള്ള 1296 മത്സരാർഥികളെ പിന്തള്ളിയാണ് അഖിലിെൻറ ഒന്നാം സ്ഥാനാർഹമായ ചിത്രം സംസ്ഥാന ശിശുക്ഷേമ സമിതി തിരഞ്ഞെടുത്തത്. സർക്കാർ ഉത്തരവിലൂടെ പുറത്തിറക്കുന്ന 2020ലെ ശിശുദിന സ്റ്റാമ്പിലായിരിക്കും ചിത്രം.
കൊടുങ്ങല്ലൂർ കോട്ടപ്പുറം സെൻറ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയായ അഖിൽ 'അതിജീവനത്തിെൻറ കേരള പാഠം' വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് വരച്ചത്. കോവിഡ് മഹാമാരിയിൽനിന്ന് മുക്തമാകാൻ സോപ്പും മാസ്ക്കും അകലവും ശുചിത്വവും സാനിറ്റൈസറും പ്രസക്തമാണെന്ന സന്ദേശമാണ് 15X12 സെൻറിമീറ്റർ വലുപ്പമുള്ള ചിത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജാണ് മികച്ച വര തിരഞ്ഞെടുത്തത്.
കോട്ടപ്പുറത്തിനടുത്ത് ചാത്തേടം തിരുത്തിപ്പുറത് ചേരമാൻ തുരുത്തിൽ പ്രവാസിയായ സി.പി. ജോസഫിെൻറയും കൊടുങ്ങല്ലൂർ എടവിലങ്ങ് ഗവ. എൽ.പി സ്കൂൾ അധ്യാപിക സി.പി. ലൂർദ് മറിയയുടെയും ഇളയ മകനാണ്.
മൂന്ന് വയസ്സ് മുതൽ ചിത്രരചനയിൽ ഏറെ തൽപരനാണ്. ഫാബ്രിക് പെയിൻറിങ്, ഡിജിറ്റൽ പെയിൻറിങ്, കൊളാഷ്, ഓയിൽ-പെൻസിൽ ചിത്രരചന എന്നിവയിൽ സംസ്ഥാന, ജില്ലതലത്തിൽ ഒട്ടനവധി സമ്മാനം നേടിയിട്ടുണ്ട്. സഹോദരൻ അഭിഷേക് എറണാകുളം സെൻറ് ആൽബർട്സ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.