എം.ഇ.എസ് ഹോസ്റ്റലിൽ ആക്രമണം; ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർഥികളെ മർദിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരും വിദ്യാർഥിയും ഉൾപ്പെടെ അഞ്ചുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു.
പി. വെമ്പല്ലൂർ കലശം പറമ്പിൽ അഖിൽ (21), കളത്തിൽ ശ്യാംകൃഷ്ണൻ (21), പുത്തൻവീട്ടിൽ നിധിൻദാസ് (28), ചുള്ളിപറമ്പിൽ യദു (21), കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ മതിലകം പൊക്ലായി സ്വദേശി ചാലപ്പുറത്ത് മുളക്കൽ ഷിബിൻ (21) എന്നിവരെയാണ് എസ്.ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
അസ്മാബി കോളജ് പുരുഷ ഹോസ്റ്റലിൽ രാത്രി പത്തോടെ അതിക്രമിച്ചു കയറിയ സംഘം വിദ്യാർഥികളെ മർദിക്കുകയായിരുന്നു. വെള്ളിയാഴ്ച പകൽ കോളജിന് പുറത്ത് വിദ്യാർഥികൾ തമ്മിലുണ്ടായിരുന്ന ചെറിയൊരു തർക്കമാണ് രാത്രിയിലെ ആക്രമണത്തിന് കാരണം.
സംഘം തേടിവന്ന വിദ്യാർഥി സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെ മറ്റു വിദ്യാർഥികൾക്കു നേരേ മർദനം നടത്തുകയായിരുന്നു. കോളജ് അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതിയായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു
കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് ഹോസ്റ്റലിൽ നടന്ന അക്രമണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. കോളജിലെ മൂന്നാം വർഷ ബി.വോക്ക് ടൂറിസം വിദ്യാർഥി മതിലകം കൂളിമുട്ടം പൊക്കളായി സ്വദേശി ചാലപ്പുറത്ത് മുളക്കൽ സി.എം. ഷിബിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അതേസമയം, ഇതിന് മുമ്പും കോളജിൽ അക്രമങ്ങൾ അഴിച്ചുവിട്ട് കാമ്പസിൽ ഭീതി പരത്തുന്ന അന്തരീക്ഷം ഉണ്ടാക്കിയിരുന്ന വിദ്യാർഥിയെ പുറത്താക്കണമെന്ന് കോളജിലെ വിദ്യാർഥികൾ ആവശ്യം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.