മുസിരിസിന്റെ ജലപാതയിൽ ഇന്ന് ജലരാജാക്കൻമാരുടെ പോരാട്ടം
text_fieldsകൊടുങ്ങല്ലൂർ: മുസിരിസിന്റെ ജലപാതയിൽ ഇന്ന് ജലരാജാക്കൻമാരുടെ പോരാട്ടം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ജലോത്സവത്തിന്റെ മൂന്നാം പാദത്തിന്റെ ആവേശപ്പോരിനാണ് മുസിരിസിന്റെ ഓളപ്പരപ്പ് വേദിയാകുന്നത്. മുസിരിസിന്റെ കോട്ടപ്പുറം കായലിൽ ശനിയാഴ്ച പകൽ 1.30 മുതൽ ചുണ്ടൻ വള്ളങ്ങൾ കുതിച്ചുപായും. നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ഒമ്പത് ചുണ്ടൻവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
കൈനകരി യുനൈറ്റഡ് ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ, നിരണം ബോട്ട് ക്ലബിന്റെ സെന്റ് പോൾസ് പത്താമത് ചുണ്ടൻ, പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ വിയ്യാപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, എൻ.സി.ഡി.സി ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ, കെ.ബി.സി ആൻഡ് എസ്.എഫ്.ബി.സിയുടെ പായിപ്പാടൻ ചുണ്ടൻ.
പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ, വെമ്പനാട് ബോട്ട് ക്ലബിന്റെ അയ്യ പറമ്പ് പാണ്ടി ചുണ്ടൻ എന്നീ ജലരാജാക്കന്മാരാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. കൂടാതെ കൊടുങ്ങല്ലൂർ മുസിരിസ് ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തിൽ വി.കെ. രാജൻ മെമോറിയൽ ട്രോഫിക്കും കെ.ഡി. കുഞ്ഞപ്പൻ മെമോറിയൽ ട്രോഫിക്കും വേണ്ടി ഇരുട്ടുകുത്തി, ഓടിവള്ളങ്ങളുടെയും മത്സരവും നടക്കും.
മേളം, കേരള കലാമണ്ഡലത്തിലെ കലാകാരന്മാരുടെ നൃത്തം, ഒപ്പന, ചവിട്ടുനാടകം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വി.ആർ. സുനിൽകുമാർ എം.എൽ.എ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനദാനം നിർവഹിക്കും. സംഘാടക സമിതി ഭാരവാഹികളായ നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത, ടൂറിസം െഡപ്യൂട്ടി ഡയറക്ടർ സുബൈർ കുട്ടി, എൽസി പോൾ, സി.കെ. രാമനാഥൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.