പ്രകൃതി സംരക്ഷണ സന്ദേശം പ്രാവർത്തികമാക്കി സ്ഥാനാർഥിയുടെ പ്രചാരണം
text_fieldsകൊടുങ്ങല്ലൂർ: പ്രകൃതി സംരക്ഷണ സന്ദേശം തെരഞ്ഞെടുപ്പ് രംഗത്തും പ്രാവർത്തികമാക്കി സ്ഥാനാർഥിയുടെ പ്രചാരണം. കൊടുങ്ങല്ലൂർ നഗരസഭയിലെ ചേരമാൻ മസ്ജിദ് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.ബി. പ്രസാദാണ് പ്രകൃതി സൗഹൃദ പ്രചാരണ രീതിയിലൂടെ വോട്ട് തേടുന്നത്.
പ്രചാരണത്തിൽനിന്ന് ഫ്ലക്സ് ബോർഡും പ്ലാസ്റ്റിക്കും നിറംചേർത്തുള്ള ചുവരെഴുത്തും ഒഴിവാക്കിയിരിക്കുകയാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റോവർ വിഭാഗം ഹെഡ്ക്വാർട്ടേഴ്സ് കമീഷണറായ പ്രസാദ്.
കൂടെയുള്ള സ്ക്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെയും പാർട്ടിക്കാരുടെയും നിർബന്ധം കാരണം മറ്റെല്ലാ പ്രചാരണോപാധികളും മാറ്റി രണ്ടുതരം കടലാസ് പോസ്റ്ററുകൾ മാത്രമാണ് പ്രസാദ് അച്ചടിച്ചിരിക്കുന്നത്. ഓരോന്നിലും 'പ്ലാസ്റ്റിക് ഉപേക്ഷിക്കുക, വൃക്ഷത്തൈ നട്ട് അടുത്ത തലമുറയെ സംരക്ഷിക്കുക' സന്ദേശങ്ങളും ചേർത്തിട്ടുണ്ട്. സ്വാനാർഥി തന്നെയാണ് പോസ്റ്ററുകൾ പതിക്കുന്നതും.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയും വനവത്കരണത്തിന് വേണ്ടിയും പ്രചാരണം നടത്തി വരുന്നയാളാണ് ഈ സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ വാർഡിലെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറായിരുന്നു. പറയുന്ന സന്ദേശം ജീവിതത്തിലും ഉണ്ടായിരിക്കണമെന്ന നിലപാടിെൻറ ഭാഗമാണ് തെൻറ പ്രചാരണ രീതിയെന്നാണ് ഈ സ്ഥാനാർഥിയുടെ പക്ഷം.
ബി.ജെ.പിയുടെ സിറ്റിങ് വാർഡിൽ കൊടുങ്ങല്ലൂരിലെ അഭിഭാഷകനായ അഡ്വ. വെങ്കിടേശ്വരനാണ് എൻ.ഡി.എ സ്ഥാനാർഥി. കെ.എച്ച്. ശശികുമാർ പൈയെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.