തീരദേശത്തെ കുടിവെള്ള വിതരണം; എല്ലാ മാസവും ഡെപ്യൂട്ടി ഡയറക്ടർ യോഗം വിളിക്കണമെന്ന് ഹൈകോടതി
text_fieldsകൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള 10 പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും ആദ്യ ആഴ്ചയിൽ വിളിച്ചുചേർത്ത് കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി വിലയിരുത്തണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് ഹൈകോടതിയുടെ നിർദേശം. പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർ പ്രദേശത്ത് കുടിവെള്ളം നൽകിയതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ടും സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.
കുടിവെള്ള വിതരണത്തിൽ പോരായ്മകൾ സംഭവിച്ചാൽ അതത് പഞ്ചായത്ത് സെക്രട്ടറിമാർ ഉത്തരവാദിയായിരിക്കുമെന്ന നേരത്തേയുള്ള ഇടക്കാല വിധിയിലെ പരാമർശവും കോടതി സൂചിപ്പിച്ചു.
കുടിവെള്ളം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി ജില്ല കലക്ടർക്കോ തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കോ നൽകാവുന്നതാണ്.
കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പി.എ. സീതി, കെ.എ. ധർമരാജൻ എന്നിവർ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന സമർപ്പിച്ച ഹർജിയിലാണ് ഹൈകോടതി ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ പുറപ്പെടുവിച്ചത്.
ജില്ലാ കലക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് ഹൈകോടതി ഇത് സംബന്ധിച്ച കൃത്യമായ ചുമതലകൾ നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.