തീരദേശ റെയിൽവേ; വീണ്ടും ജനകീയ ശബ്ദമുയരുന്നു
text_fieldsകൊടുങ്ങല്ലൂർ: തീരദേശ റെയിൽവേക്ക് വേണ്ടി വീണ്ടും ജനകീയ ശബ്ദമുയരുന്നു. കേന്ദ്ര സർക്കാറിന്റെ പുതിയ റെയിൽവേ വികസന പദ്ധതിയുടെ പശ്ചാത്തലത്തിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള തീരദേശ റെയിൽവേ എന്ന സ്വപ്നത്തിന് വീണ്ടും ജീവൻ വെക്കുന്നത്.
50,000ത്തിൽ കൂടുതൽ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പു വരുത്താനുള്ള കേന്ദ്ര സർക്കാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൊടുങ്ങല്ലൂർ നഗരംകൂടി ഉൾപ്പെടുന്ന തീരദേശ റെയിൽവേക്കുവേണ്ടി വീണ്ടും ശബ്ദമുയരുന്നത്.
കേരളത്തിൽ 50,000നു മേലെ ജനസംഖ്യയുള്ള നാല് നഗരങ്ങളിലൊന്ന് കൊടുങ്ങല്ലൂർ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ചെന്നൈയിലെ റെയിൽവേ സോണൽ മാനേജർക്ക് ഇ-മെയിൽ മുഖേന കൊടുങ്ങല്ലൂർ പൗരസമിതി നിവേദനം നൽകി.
കോസ്റ്റൽ റെയിൽവേ ആക്ഷൻ കൗൺസിലും റെയിൽവേയുടെ വിവിധ അധികാരികൾക്ക് നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു. പതിറ്റാണ്ടുകളായി തീരദേശത്തെ വിവിധ സംഘടനകൾ ഇടപ്പള്ളി-തിരൂർ തീരദേശ റെയിൽപാതക്കായി ശ്രമം നടത്തിവരുകയായിരുന്നു. ബ്രിട്ടീഷ് ഭരണകാലം മുതൽ ആവശ്യം നിലവിലുണ്ട്.
പദ്ധതിക്കായി സർവേകളും നടന്നിരുന്നു. എന്നാൽ, ഇടക്കാലത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പാത വരുകയാണെങ്കിൽ നിലവിലെ കന്യാകുമാരി-മുംബെ പാതയിൽ ഉൾപ്പെടാത്ത എറണാകുളം മുതൽ തിരൂർ വരെയുള്ള തീരദേശം വരുകയും ഏകദേശം 60 കി.മീറ്റർ ദൂരം കുറയുകയും ചെയ്യും. മാത്രമല്ല, അടിയന്തരഘട്ടങ്ങളിൽ ഒരു സമാന്തര പാതയായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.
പ്രസിദ്ധങ്ങളായ ദേവാലയങ്ങളെ കൂട്ടിയിണക്കുന്ന പാതയാകുന്നതിനാൽ തീർഥാടന ടൂറിസവികസനത്തിന് സാധ്യതയേറും. മുസ്രിസ് പൈതൃകപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ വിനോദ സഞ്ചാരികൾക്കും ഉപകാരപ്പെടും.
ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ നഗരം ഉൾപ്പെടെ തൃപ്രയാർ, ഗുരുവായൂർ നഗരങ്ങളുടെ വികസനത്തിന്റെ വേഗം കൂട്ടാനും ഈ പാത ഉപകരിക്കുമെന്ന് നിവേദനങ്ങളിൽ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിൽ ചാലക്കുടി എം.പി ബെന്നി ബഹനാൻ, തൃശൂർ എം.പി ടി.എൻ. പ്രതാപൻ, എറണാകുളം എം.പി ഹൈബി ഈഡൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവരുടെ പിന്തുണക്കും ഇടപെടലിനും ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.