വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി നാടകം
text_fieldsകൊടുങ്ങല്ലൂർ: സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി വൈരാഗ്യ ചിന്തയിൽ വിദ്യാർഥി മെനഞ്ഞ കഥയെന്ന് തെളിഞ്ഞു. കൊടുങ്ങല്ലുർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ്യം വെളിച്ചത്തുവന്നത്. നാടിനെയും മാതാപിതാക്കളേയും അധ്യാപകരേയും വിദ്യാർഥികളേയും ഭീതിയിലാഴ്ത്തിയ തട്ടിക്കൊണ്ടു പോകൽ നാടകത്തിന് സിനിമയെ വെല്ലുന്ന ക്ലൈമാക്സ് നൽകി അവസാനിപ്പിച്ചിരിക്കുകയാണ് കൊടുങ്ങല്ലൂർ പൊലീസ്.
പുതുവത്സര ദിനത്തിൽ കർണ്ണാടക രജിസ്ട്രേഷൻ വാഹനത്തിലെത്തിയ മൂന്നംഗ സംഘം തീരദേശമേഖലയിലെ പ്രശസ്തമായ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരമാണ് പരിഭ്രാന്തിയുണ്ടാക്കിയത്.
വിദ്യാർഥിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയെന്നും നമ്പർ പ്ലേറ്റ് മാറ്റാനായി പ്രതികളിൽ ഒരാൾ കാറിൽ നിന്നിറങ്ങിയ സമയം വിദ്യാർഥി വണ്ടിയിൽനിന്നിറങ്ങി ഓടിയെന്നും എന്നൊക്കെയായിരുന്നു മൊഴി.
പരാതിയെ തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ കാശ്യപൻ, ജി.എ.എസ്.ഐ. രാജൻ, ജി.എസ്.സി.പി.ഒമാരായ പി.ജി. ഗോപകുമാർ, എൻ.എം. ഗിരീഷ് എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.
സ്കൂളിലെയും മറ്റ് ഷോപ്പുകളിലേയും സി.സി.ടി.വി കാമറകൾ പരിശോധിച്ചു. അതിൽ വിദ്യാർഥി പറഞ്ഞ കർണാടക രജിസ്ട്രേൻ വാഹനങ്ങൾ കണ്ടെത്താനായില്ല. മുൻ കുറ്റവാളികളെ കുറിച്ചും മറ്റും വിശദമായ അന്വേഷണം നടത്തിയ പൊലീസ് വിദ്യാർഥികളടക്കം പലരുടേയും മൊഴിയും രേഖപ്പെടുത്തി.
തട്ടികൊണ്ടു പോയതായി പറഞ്ഞ വിദ്യാർഥിയുടെ മൊഴികളിൽ വന്ന വൈരുദ്ധ്യം പൊലീസിനെ കുഴക്കി. കുട്ടി പറഞ്ഞ സമയവും സ്ഥലവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ സംഭവം നടന്നതായി പറഞ്ഞ സമയത്ത് മറ്റൊരു റോഡിലൂടെ കുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഇതെല്ലാം ശേഖരിച്ച് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് യഥാർഥ സംഭവവും ഇതിന് പിന്നിലെ കാര്യവും പുറത്ത് വന്നത്.
കുട്ടിയുടെ വീട്ടുകാരുമായി വിരോധത്തിലുള്ള ഒരാളോടുളള വൈരാഗ്യം മൂലം അയാളെ കുടുക്കാനാണ് ഇങ്ങനെ പരാതി പറഞ്ഞതെന്ന് കുട്ടി വെളിപ്പെടുത്തി. കുട്ടി തന്നെ ഒഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചുവെച്ച ബാഗും പൊലീസിന് കാണിച്ചു കൊടുത്തു. പരാതിയുടെ നിജസ്ഥിതി അറിയും മുമ്പേ സമൂഹമാധ്യമങ്ങളിൽ വ്യാപക കുപ്രചാരണങ്ങളാണ് പടർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.