കുടിവെള്ളം മുട്ടിച്ച് ദേശീയപാത നിർമാണം; ശ്രീനാരായണപുരം പഞ്ചായത്തുകാർ സമരത്തിന്
text_fieldsകൊടുങ്ങല്ലൂർ: ദേശീയപാത നിർമാണത്തിനിടെ തകരാറിലാകുന്ന പൈപ്പ് ലൈനുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് നിവാസികൾ കുടിവെള്ളം ലഭിക്കാതെ വലയുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ജനങ്ങൾ പരാതിപ്പെടുമ്പോൾ തകരാറ് പരിഹരിക്കേണ്ടത് ഹൈവേ നിർമാണ കരാർ കമ്പനിയായ ശിവാലയയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് കൈകഴുകുകയാണ് വാട്ടർ അതോറിറ്റി അധികൃതർ ചെയ്യുന്നത്.
വെള്ളം പഞ്ചായത്ത് നൽകുമെന്ന് പറഞ്ഞും ഉദ്യോഗസ്ഥർ കൈമലർത്തുന്നു. തകരാറിലുള്ള പൈപ്പ് ലൈനുകൾ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാത്ത പക്ഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ സമരങ്ങൾ ആരംഭിക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചതായി ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അറിയിച്ചു.
ഹൈവേ നിർമാണത്തിനിടെ കുടിവെള്ളം മുടങ്ങിയാൽ ടാങ്കർ ലോറി വഴി ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കേണ്ട ഉത്തരവാദിത്വം ശിവാലയ കമ്പനി നടപ്പാക്കുന്നില്ല. തീരദേശമടക്കമുള്ളിടങ്ങളിൽ പൈപ്പ് ലൈനുകൾ നന്നാക്കാത്തതിനാൽ പൊതു ടാപ്പുകളിൽ പോലും വെള്ളമെത്തുന്നില്ല. പൊതു ടാപ്പുകളുടെ വെള്ളക്കരമായി പ്രതിമാസം 3.60 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ജല അതോറിറ്റിക്ക് നൽകുന്നത്.
ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 30നകം ഹൈവേയിൽ പുതിയ പൈപ്പ് ലൈൻ വലിച്ച് ഗോതുരുത്ത്, കോതപറമ്പ് പ്രദേശത്തേക്ക് നേരിട്ട് വെള്ളമെത്തിക്കാമെന്ന് ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർ നൽകിയ ഉറപ്പും നാളിതുവരെ പാലിച്ചില്ല. അഞ്ചാംപരത്തിയിൽ ആഴ്ചകളായി പൊട്ടിയ മെയിൻ പൈപ്പിലൂടെ ലക്ഷക്കണക്കിന് ലിറ്റർ ജലം ഓടയിലൂടെ ഒഴുകി പോയിട്ടും നടപടി സ്വീകരിക്കുന്നില്ല.
വരൾച്ചയുടെ ഭാഗമായി ഗവൺമെന്റ് നിർദേശപ്രകാരം ഗ്രാമ പഞ്ചായത്ത് ടാങ്കർ ലോറി വഴി വിവിധ പ്രദേശങ്ങളിൽ വെള്ളമെത്തിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ പഞ്ചായത്ത് ഓൺ ഫണ്ടിൽ നിന്ന് ഇതിനായി 12 ലക്ഷം രൂപ ചെലവഴിക്കാനാണ് സർക്കാർ അനുമതി നൽകിയത്.
മേയ് 31 വരെ കുടിവെള്ള വിതരണം നടത്താൻ പത്തുലക്ഷം രൂപ കൂടി കൂടുതലായി അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ ഗ്രാമപഞ്ചായത്ത് പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നു. ജില്ല കലക്ടർ വിളിച്ച സെക്രട്ടറിമാരുടെ അടിയന്തിര യോഗത്തിലും കുടിവെള്ള വിതരണത്തിനായി അധികതുക ചെലവഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.