വിമാനത്താവളത്തിലെ കോവിഡ് പരിശോധന ചതിച്ചു; യുവാവിന് സൗദിയിലേക്ക് പോകാനായില്ല
text_fieldsകൊടുങ്ങല്ലൂർ: കോവിഡ് പെരുമാറ്റച്ചട്ടത്തിെൻറ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധന ചതിച്ചു. സൗദിയിൽ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പ്രവാസി യുവാവിന് സൗദിയിലേക്ക് യാത്ര ചെയ്യാനായില്ല. പറഞ്ഞ സമയത്ത് എത്താത്തതിനാൽ യുവാവിെൻറ ജോലി പ്രതിസന്ധിയിലുമായി. എസ്.എൻ പുരം 15ാം വാർഡിൽ മുടിയക്കര അബ്ദുൽ ജബ്ബാറിെൻറ മകൻ അബ്ദുൽ നജീബിനാണ് (27) ഈ ദുരവസ്ഥ. കഴിഞ്ഞ 14ന് രാവിലെ 7.30നാണ് നജീബ് സൗദിയിലേക്ക് തിരിച്ചുപോകുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. 48 മണിക്കൂറിന് മുേമ്പ നാട്ടിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് റിസൽറ്റ് റിപ്പോർട്ട് വിമാനത്താവളത്തിലെ നടപടിക്രമങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് നൽകിയിരുന്നു. ശേഷം വിമാനത്താവളത്തിൽ 2500 രൂപ നൽകി നടത്തിയ പരിശോധനയിൽ നജീബിന് കോവിഡ് പോസറ്റിവ് ആണെന്ന് റിസൽറ്റ് നൽകി തിരിച്ചയക്കുകയായിരുന്നു.
വിമാനത്താവളത്തിൽനിന്ന് ടാക്സി വിളിച്ചു വീട്ടിൽ എത്തിയ നജീബും വീട്ടിലെ ബാക്കി മൂന്നുപേരും 15ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാവർക്കും നെഗറ്റിവ് റിസൽറ്റാണ് ലഭിച്ചത്. 13ന് നടത്തിയ പരിശോധനയിലും 15ന് നാട്ടിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലും നെഗറ്റിവ് റിസൽറ്റ് ലഭിച്ച നജീബിന് 14ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ എങ്ങനെ പോസറ്റിവ് റിസൽറ്റ് ലഭിച്ചുവെന്നാണ് ഇവരുടെ ചോദ്യം.
കുടുംബത്തിെൻറ ഏക ആശ്രയമായ നജീബിെൻറ ജോലി പോലും ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. യാത്രാ ചെലവും ഇതര ബാധ്യതകളും അടക്കം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഉെണ്ടങ്കിൽ കണ്ടെത്തി അത്തരക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിെൻറ ആവശ്യം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടർക്കും വിമാനത്താവള അധികൃതർക്കും അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് നജീബും പിതാവ് അബ്ദുൽ ജബ്ബാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.