കൊടുങ്ങല്ലൂരിൽ സി.പി.ഐ കലഹം കനത്തു; നഗരസഭ യോഗത്തിൽനിന്ന് രണ്ട് കൗൺസിലർമാർ വിട്ടുനിന്നു
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ സി.പി.ഐ കലഹം കനപ്പിച്ച് നഗരസഭ യോഗത്തിൽനിന്ന് രണ്ട് കൗൺസിലർമാർ വിട്ടുനിന്നു. പാർട്ടി ജില്ല നേതൃത്വത്തിന് രാജി സന്നദ്ധത അറിയിച്ച് കത്ത് നൽകിയ നഗരസഭ വൈസ് ചെയർമാൻ അഡ്വ. ദിനൽ, മുതിർന്ന കൗൺസിലർ രവീന്ദ്രൻ എന്നിവരാണ് മാറിനിന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ അലങ്കോലപ്പെട്ട വേളയിലുണ്ടായ രണ്ട് സി.പി.ഐ കൗൺസിലർമാരുടെ വിട്ടുനിൽപ്പ് കാര്യമായി തന്നെ പ്രകടമായി. സി.പി എമ്മിന്റെ 12ഉം സി.പി.ഐ 10ഉം ഉൾപ്പെടെ 22 ആണ് ഭരണപക്ഷമായ ഇടതുപക്ഷത്തിന്റെ കക്ഷിനില. ബി.ജെ.പി 21, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ അംഗബലം.
ഈ സാഹചര്യത്തിൽ സി.പി.ഐ കലഹം അയവില്ലാതെ തുടരുന്നത് നഗരസഭ ഭരണത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഈ ആശങ്ക സി.പി.എം നേതൃത്വം സി.പി.ഐയിലെ ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചതുമാണ്. ഇതനുസരിച്ച് കൗൺസിലിൽ പങ്കെടുക്കണമെന്ന് സി.പി.ഐ നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ, കൗൺസിലർമാർ ഉൾപ്പെടെ ഒരു വിഭാഗം ജില്ല നേതൃത്വത്തിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിൽ ഉറച്ച് നിൽക്കുകയാണ്. കഴിഞ്ഞദിവസം വിളിച്ചുചേർത്ത മേത്തല ഈസ്റ്റ് ലോക്കൽ കമ്മറ്റിയിൽനിന്ന് പലരും വിട്ടുനിന്നിരുന്നു. അടുത്തദിവസം ജില്ലതലത്തിൽ അനുരഞ്ജന ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് കലാപം ഉയർത്തിയവർ കരുതുന്നത്.
അല്ലാത്തപക്ഷം കൗൺസിലർമാർ ഉൾപ്പെടെ കൂടുതൽപേർ പ്രതിഷേധത്തിന്റെ വഴിയിൽ അണിനിരക്കുമെന്നാണ് ഇവർ പറയുന്നത്. സി.സി. വിപിൻ ചന്ദ്രൻ സെക്രട്ടറിയായ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടതിനും തുടർന്ന് രൂപവത്കരിച്ച അഡ്ഹോക്ക് കമ്മിറ്റി ഏക പക്ഷീകമായതുമാണ് കൊടുങ്ങല്ലൂർ സി.പി.ഐയിൽ കലാപം ഉയർത്തിയത്. വിപിൻ ചന്ദ്രനും പൂർണ നിസ്സഹകരണത്തിലാണ്. ഇദ്ദേഹത്തെ ഒതുക്കാൻ ശ്രമിക്കുന്നതിനെതിരായ വികാരം കൂടി ഉൾചേർന്നതാണ് ഇപ്പോഴത്തെ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.