അപകടകരം, ദുഷ്കരം
text_fieldsകൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ ഫ്ലൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ സ്കൂൾ തുറക്കുന്നതോടെ കൂടുതൽ ദുഷ്കരവും അപകടങ്ങൾക്ക് കാരണമാകുമെന്നും ആശങ്ക. ദേശീയപാത അതോറിറ്റി പ്രാദേശിക ഭരണകൂടവുമായി ആലോചിക്കാതെ ഉണ്ടാക്കിയ ഗതാഗത പരിഷ്കാരം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി വ്യാപകമായിരിക്കുകയാണ്. ബൈപാസിലെ ചന്തപ്പുര, പടാകുളം, ഗൗരിശങ്കർ സിഗ്നൽ ജങ്ഷൻ എന്നിവിടങ്ങളിലാണ് ഫ്ലൈ ഓവർ നിർമാണം ആരംഭിച്ചത്. ഇതുമൂലം നിർമാണ കമ്പനി പടാകുളത്തും ഗൗരിശങ്കർ ജങ്ഷനിലും വാഹനങ്ങൾ ബൈപാസ് ക്രോസ് ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്. റോഡ് മുറിച്ചു കടക്കണമെങ്കിൽ കോട്ടപ്പുറം ടോളിലോ സി.ഐ ഓഫിസ് സിഗ്നൽ ജങ്ഷനിലോ എത്തണം. ഇവിടെയാണെങ്കിൽ രൂക്ഷമായ ഗതാഗത കുരുക്കുമാണ്.
പടിഞ്ഞാറൻ മേഖലയിൽനിന്ന് വരുന്ന നൂറുകണക്കിന് ആളുകൾക്ക് ഇത് ബുദ്ധിമുട്ടാണ്. ജുൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികൾക്ക് സ്കൂളിലേക്ക് പോകുന്നതിനും വരുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് നിരവധി ആളുകളും സ്ഥാപനങ്ങളും ആവശ്യപ്പെടുന്നുണ്ട്. നഗരസഭ അധികൃതർക്ക് പരാതികളും നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ചെയർപേഴ്സൺ ടി.കെ. ഗീത, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എസ്.കൈസാബ് എന്നിവരുടെ നേതൃത്വത്തിൽ ബൈപാസിലെ നിർമാണ കമ്പനി ഉദ്യോഗസ്ഥരുമായി കൗൺസിലർമാർ ഇതു സംബന്ധിച്ച് ചർച്ച നടത്തി.
മെയ് 30നകം റോഡ് അടച്ച പ്രദേശത്ത് യൂട്ടേൺ സംവിധാനം ഒരുക്കി ജനങ്ങൾക്കും വാഹനങ്ങൾക്കും പോകാൻ കഴിയുന്ന രീതി ഒരുക്കാമെന്നും സ്കൂൾ തുറന്നാൽ കുട്ടികളുടെ സുരക്ഷിതത്വത്തിനു വേണ്ടി സെക്യൂരിറ്റി ഏർപ്പെടുത്താമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചർച്ചയിൽ നഗരസഭ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ രവീന്ദ്രൻ നടുമുറി, ഇ.ജെ. ഹിമേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.