കൊടുങ്ങല്ലൂരിൽ നഗരസഭയുടെ സ്ഥലത്ത് കോടതി സമുച്ചയം നിർമിക്കണമെന്നാവശ്യം ശക്തം
text_fieldsകൊടുങ്ങല്ലൂർ: കോടതി സമുച്ചയം നിർമിക്കാൻ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം നഗരസഭയുടെ അധീനതയിലുള്ള 70 സെന്റ് ഭൂമി വിട്ടുകൊടുക്കണമെന്ന ബാർ അസോസിയേഷൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം അംഗീകരിക്കാൻ നഗരസഭ തയാറാവണമെന്ന് കൊടുങ്ങല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവർക്ക് ഇതിനാവശ്യമായ നിർദേശങ്ങളും അനുമതിയും നൽകാൻ സംസ്ഥാന നിയമ, തദ്ദേശ ഭരണ, റവന്യൂ വകുപ്പ് മന്ത്രിമാർക്ക് നിവേദനം സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
താഴത്തെ നിലയിൽ വാഹന പാർക്കിങ് സൗകര്യത്തോടെ ബഹുനിലകളോടുകൂടിയ കോടതി സമുച്ചയം വരുന്നതോടെ കൊടുങ്ങല്ലൂരിൽ മറ്റ് കോടതികൾ കൂടി വരാനുള്ള സാധ്യതയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
നിലവിൽ കൊടുങ്ങല്ലൂർ നഗരത്തിൽ പ്രവർത്തിക്കുന്ന കോടതി പരിസരത്തും ടൗണിലും അനുഭവപ്പെടുന്ന വാഹന പാർക്കിങ് പ്രശ്നത്തിനും ഒരു പരിധിവരെ പരിഹാരമാകുകയും ചെയ്യും.
കോടതി ഇവിടെ നിന്നും മാറ്റുന്ന പക്ഷം ഈ സ്ഥലം മിനി സിവിൽ സ്റ്റേഷൻ വിപുലീകരണത്തിനായി ഉപയോഗിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇത് മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകൾക്ക് കൂടുതൽ സൗകര്യപ്രദമാകും.
പ്രസിഡന്റ് ഡോ. എൻ.എം. വിജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. തിലകൻ, എൻ.വി. ലക്ഷ്മണൻ, കെ.പി. പ്രേംനാഥ്, അഡ്വ. ഭാനുപ്രകാശ്, എം.എൻ. രാജപ്പൻ, അഡ്വ. ഒ.എസ്. സുജിത്ത്, വി.കെ. വേണുഗോപാലൻ, പി.വി. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.