തഴപ്പായയുടെ ചരിത്രം തിരിച്ചുപിടിക്കാൻ എടവിലങ്ങ്
text_fieldsകൊടുങ്ങല്ലൂർ: തഴപ്പായയുടെ ചരിത്രം തിരിച്ചുപിടിക്കാൻ ചുവടുകൾ വെച്ച് എടവിലങ്ങ്. ഒരുകാലത്ത് എടവിലങ്ങിലെയും പരിസര ഗ്രാമപഞ്ചായത്തുകളിലെയും പട്ടിണി മാറ്റാൻ നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്ന മേഖലയായിരുന്ന തഴപ്പായ നെയ്ത്ത്.
ഇന്ത്യയിൽ തന്നെ വലിയ തഴപ്പായ മാർക്കറ്റും എടവിലങ്ങ് ചന്തയായിരുന്നു. കാലക്രമേണ നാശോന്മുഖമായ ചന്ത ഈ നാടിന്‍റെ ഗൃഹാതുര ഓർമ കൂടിയാണ്. തഴയുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള കാരണങ്ങൾ യുവതലമുറയെ തഴപ്പായയിൽനിന്ന് അകറ്റുകയായിരുന്നു.
ഇല്ലാതായ തഴപ്പായ വ്യവസായം തിരിച്ച് പിടിക്കാൻ ശ്രമങ്ങൾ നടന്നുവരുകയാണ്. ഇതോടനുബന്ധിച്ച് എടവിലങ്ങിൽ തഴപ്പായ കലക്ഷൻ സെന്‍റർ തുറന്നു.
കൈതോല കൃഷിയെ പ്രോത്സാഹിപ്പിക്കുകയും മണ്ണുത്തി കാർഷിക സർവകലാശാലയുമായി സഹകരിച്ച് മുള്ളുകൾ ഇല്ലാത്ത കൈതച്ചെടികൾ ഉൽപാദിപ്പിക്കുന്ന കാര്യങ്ങളടക്കം ആലോചിക്കുമെന്ന് സെൻറർ ഉദ്ഘാടനം ചെയ്ത ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. തഴപ്പായക്ക് ഡിമാൻഡ് കൂടി വരുന്ന സഹചര്യത്തിൽ കുടുംബിനികൾക്ക് പായ നെയ്ത്തിലൂടെ മെച്ചപ്പെട്ട സമ്പാദ്യം ഉണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 10.90 ലക്ഷം രൂപ ചെലവഴിച്ചാണ് കലക്ഷൻ സെന്‍റർ പണിതത്. പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.കെ. മോഹനൻ സ്വാഗതം പറഞ്ഞു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ഷാഹിന ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൈലാസൺ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിഷ അജിതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മോനിഷ, വാർഡ് അംഗങ്ങളായ സന്തോഷ് കോരിചാലിൽ, സന്തോഷ് പുളിക്കൽ, ഹരിദാസ്, സുരഭി ഗിരീഷ്, ആശ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.