ഈജിപ്ത് അന്താരാഷ്ട്ര പണ്ഡിത സമ്മേളനം: ഡോ. മുഹമ്മദ് സലീം നദ്വി ഇന്ത്യൻ പ്രതിനിധി
text_fieldsകൊടുങ്ങല്ലൂർ: ഈ മാസം ഒമ്പത്, 10 തീയതികളിൽ ഈജിപ്ത് ഇസ്ലാമിക് മന്ത്രാലയം കെയ്റോയിൽ സംഘടിപ്പിക്കുന്ന 34ാം ധൈഷണിക സമ്മേളനത്തിൽ ഇന്ത്യയിൽനിന്നുള്ള ഏക പ്രതിനിധിയായി ചേരമാൻ ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. മുഹമ്മദ് സലീം നദ്വി പങ്കെടുക്കും. ലോക മുസ്ലിം ചിന്തകരിൽ സമ്മേളനത്തിൽ സാന്നിധ്യം വഹിക്കുന്ന അദ്ദേഹം ‘ചിന്താ വ്യതിയാനം നവ മാധ്യമങ്ങളിലൂടെ’ വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.
‘നവമാധ്യമങ്ങളുടെ പ്രബോധന സാധ്യതകൾ’ പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 140 രാജ്യങ്ങളിൽനിന്നുള്ള മതകാര്യ മന്ത്രിമാർ, ഗ്രാൻഡ് മുഫ്തിമാർ, ചിന്തകർ, യൂനിവേഴ്സിറ്റി മേധാവികൾ, മതനേതാക്കൾ തുടങ്ങിയ 200 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയാണ് ആതിഥ്യം വഹിക്കുന്നത്. ആഗോള തലത്തിൽ മുസ്ലിം സമൂഹത്തിൽ സംഭവിക്കുന്ന ചിന്താ വ്യതിയാനങ്ങൾ സമ്മേളനം ചർച്ച ചെയ്യും. എട്ട് പാനൽ ചർച്ചകളും നാല് ഉപസമ്മേളനങ്ങളും നടക്കും. അൽ അസ്ഹർ യൂനിവേഴ്സിറ്റിയുടെ അക്കാദമിക് നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിലെ ഉന്നതതല സംഘങ്ങളും പങ്കെടുക്കും. മതകാര്യ മന്ത്രി മുഹമ്മദ് മുക്താർ ജുമുഅ സമാപന പ്രസംഗം നടത്തും.
മുസ്ലിം വേൾഡ് ലീഗ്, മുസ്ലിം കമ്യൂണിറ്റി കൗൺസിൽ, വേൾഡ് മോഡറേഷൻ ഫോറം തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ സ്ഥിരം ക്ഷണിതാവായ ഡോ. നദ്വിക്ക് വിവിധ ആഗോള സഭകളിൽ അംഗത്വം ഉണ്ട്. ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട നൂറു പണ്ഡിതരിൽ ഒരാളായി ജോർദാനിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. അറബിയിലും മലയാളത്തിലുമായി നിരവധി രചനകൾ നടത്തിയിട്ടുണ്ട്. പ്രവാചക പഠനങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഗവേഷണകേന്ദ്രമായി കണ്ണൂർ വെളിയമ്പ്രയിൽ അദ്ദേഹം സ്ഥാപിച്ച ത്വാബ നോളജ് ആൻഡ് റിസർച്ച് പാർക്കിന്റെ എക്സിക്യൂട്ടിവ് ചെയർമാനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.