എറിയാടിന്റെ സ്വന്തം വനിത ബൂത്തുകൾ ചരിത്രമായി
text_fieldsകൊടുങ്ങല്ലൂർ: തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അപൂർവ സവിശേഷതയായി നിലകൊണ്ട എറിയാട് പഞ്ചായത്തിലെ വനിത ബൂത്തുകൾ ചരിത്രത്തിലേക്ക് വഴിമാറി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഇല്ലാതായ പെൺ ബൂത്തുകൾ വീണ്ടും കഴിഞ്ഞ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നു. എന്നാൽ, ഈ പൊതുതെരഞ്ഞെടുപ്പോടെ വനിത ബൂത്തുകൾ സമ്പൂർണ ചരിത്രമായി, ഇന്നലെ ആൺ, പെൺ വേർതിരിവില്ലാതെ സംയുക്തമായിരുന്നു ബൂത്തുകൾ തൃശൂർ ജില്ലയുടെ തീരദേശ നിയോജക മണ്ഡലമായ കയ്പമംഗലത്തെ എറിയാട് പഞ്ചായത്തിന്റെ മാത്രം പ്രത്യേകതയായ സ്ത്രീ ബൂത്തുകൾ നിലവിൽവന്നത് കേരള പിറവിക്ക് മുമ്പാണ്.
ഇന്ത്യയിൽ ഇത്രയധികം വനിത ബൂത്തുകളുള്ള ഏക നിയോജക മണ്ഡലമാണ് ചാലക്കുടി പാർലമെൻററി മണ്ഡലത്തിൽ വരുന്ന കയ്പമംഗലം. 2015ൽ ബിഹാർ തെരഞ്ഞെടുപ്പിൽ പരീക്ഷണടിസ്ഥാനത്തിൽ ഏഴ് സ്ത്രീ സൗഹൃദ ബൂത്തുകൾ സ്ഥാപിച്ചിരുന്നു. ഇത് വിജയമായതോടെ കൂടുതൽ സ്തീ ബൂത്തുകൾ സ്ഥാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിരുന്നു.
ആദ്യകാല തെരഞ്ഞെടുപ്പുകളിൽ സ്ത്രീകളെ പോളിങ് ബൂത്തിലേക്ക് ആകർഷിക്കുന്നതിനുവേണ്ടിയാണ് അവർക്ക് മാത്രമായി സംവിധാനം ഏർപ്പെടുത്തിയത്.
കൊച്ചി നിയമസഭ കൗൺസിലിന്റെ തീരുമാനപ്രകാരമാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ എറിയാട് സംവരണ പോളിങ് ബൂത്തുകൾ ഏർപ്പെടുത്തിയത്. 1948ൽ കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മുതലാണ് എറിയാട് പഞ്ചായത്തിൽ പ്രത്യേക ബൂത്ത് സംവിധാനം നിലവിൽവന്നത്.
1952ൽ ആദ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പിലും 1956ൽ കേരളം നിലവിൽ വന്നശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഈ സംവിധാനം തുടർന്നു. പഴയ സമ്പ്രദായം മാറ്റുവാൻ ഡോ. എം.എസ്. ജയ തൃശൂർ ജില്ല കലക്ടറായിരിക്കെ നീക്കം നടന്നുവെങ്കിലും ഫലപ്രദമായില്ല. പിന്നീട് ഈ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾക്ക് മുമ്പാണ് ശ്രമം തുടങ്ങിയത്. സ്ത്രീകൾക്ക് സജ്ജമാക്കുന്ന പ്രത്യേക ബൂത്തിന് സമാനമായി പുരുഷൻമാരുടെ ബൂത്തുകളും ഉണ്ടാകും.
വോട്ടർപട്ടികയിലെ പിശകിനെ തുടർന്ന് വനിത ബൂത്തിൽ പുരുഷൻമാർ വോട്ടുചെയ്യാൻ കയറുന്നത് പുകിലായി മാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.