എക്സൈസ് ഇൻസ്പെക്ടറെ മർദിച്ച കേസ്: നാലുപേർ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടറെ മർദിച്ച കേസിലെ പ്രതികളായ നാലംഗസംഘം അറസ്റ്റിൽ. ഡിസംബർ 28ന് രാത്രി കൊടുങ്ങല്ലൂർ എക്സൈസ് സി.ഐ ഓഫിസിന് സമീപം പടാകുളത്തുവെച്ചാണ് ഇൻസ്പെക്ടർ സി.ആർ. പത്മകുമാറിനെ മർദിക്കുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തത്.
കൊടുങ്ങല്ലൂർ ഒ.കെ ആശുപത്രിക്ക് സമീപം ഒല്ലശ്ശേരി ശരത്ത് (കുഞ്ഞൻ-30), എറിയാട് പേബസാർ വട്ടത്താ സുധീഷ് (22), എറിയാട് മാടവന കന്നത്തുപടിക്കൽ തനൂഫ് (23), തിരുവള്ളൂർ കൊറശ്ശേരി വീട്ടിൽ വൈശാഖ് (അപ്പു-23) എന്നിവരാണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജെൻറ നേതൃത്വത്തിൽ എസ്.ഐ ഇ.ആർ. ബൈജു, എ.എസ്.ഐമാരായ പ്രദീപ്, തോമസ്, സി.പി.ഒമാരായ ഗോപകുമാർ, സുമേഷ്, ചഞ്ചൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവശേഷം പ്രതികൾ പൊലീസിനെ വെട്ടിച്ച് ബംഗളൂരുവിലേക്ക് കടന്നിരുന്നു. ഇതോടെ പൊലീസ് ഇവരുടെ സാമ്പത്തികസ്രോതസ്സുകൾക്ക് തടയിടുകയും പ്രതികൾക്കായി വലവിരിക്കുകയും ചെയ്തു.
ബംഗളൂരുവിൽ ജീവിക്കാൻ പണമില്ലാതായതോടടെ നാട്ടിൽ തിരികെയെത്തി. ശരത്തിെൻറ വസ്തു വിറ്റതിൽ ബാക്കി ലഭിക്കാനുള്ള പണം വാങ്ങി ഒളിവിൽപോകാൻ നീക്കം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം പ്രതികൾ മദ്യപിച്ചശേഷം റോഡിൽ ഇരിക്കുകയായിരുന്നു. ഈ സമയം അതുവഴിവന്ന എക്സൈസ് ഇൻസ്പെക്ടർ കാര്യം തിരക്കിയപ്പോൾ മർദനം തുടങ്ങുകയായിരുന്നു.
ഇതിനിടെ താൻ സി.ഐ ആണെന്ന് പറഞ്ഞപ്പോൾ പ്രതികൾ പൊലീസ് സി.ഐ ആണെന്ന് കളവുപറയുകയാണെന്ന് തെറ്റിദ്ധരിച്ചാണ് കൂടുതൽ മർദിച്ചതും വാഹനം തല്ലിപ്പൊളിച്ചതെന്നും പൊലീസ് പറഞ്ഞു.
മുഖ്യപ്രതി എട്ട് കേസുകളിൽ ഉൾപ്പെട്ടയാൾ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ എക്സൈസ് സി.ഐയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയെക്കുറിച്ച് ഏറെയുണ്ട് പറയാൻ. ഈ മുപ്പതുകാരന് മാതാപിതാക്കളും സഹോദരങ്ങളുമില്ല. ഒറ്റയാൾ ജീവിതത്തിനിടെ ലഹരിയോട് പ്രിയമേറി. അതോടെ കൂട്ടുകാരും ഏറെയായി. അക്രമം നടന്ന പടാകുളത്തിന് സമീപമുള്ള ഇയാളുടെ മുറിയിലെ മദ്യക്കുപ്പികളുടെ ആധിക്യം ലഹരിജീവിതത്തിന് തെളിവാണ്. നാലടി പൊക്കം മാത്രമുള്ളതിനാൽ 'കുഞ്ഞൻ' എന്നാണ് വിളി പേരെന്ന് പൊലീസ് പറയുന്നു.
എന്നാൽ, ഇതിനകം എട്ടുകേസിലെ പ്രതിയാണ് ഈ യുവാവ്. ഇതിൽ വധശ്രമവും തട്ടിക്കൊണ്ടുപോകൽ കേസും ഉൾപ്പെടും. കൊടുങ്ങല്ലൂരിന് പുറമെ ആലുവയിലും കേസുകളുണ്ട്. മറ്റു പ്രതികളും അത്ര മോശക്കാരല്ല. ഒരാൾ പിതാവിനെ തല്ലുന്നവനാണെന്ന് പൊലീസ് പറഞ്ഞു.
എക്സൈസ് സി.ഐയെ മർദിച്ച ശേഷം നാല് പേരും ഒരുബൈക്കിലാണ് രക്ഷപ്പെട്ടത്. ഈ ബൈക്ക് പുല്ലൂറ്റ് തച്ചപ്പിള്ളി പാലത്തിനടുത്ത് അപകടത്തിൽപെട്ടാണ്. രണ്ടുമാസം മുമ്പുണ്ടായ അപകടത്തിലാണ് മുഖ്യപ്രതിയുടെ കൈക്ക് പരിക്കേറ്റത്. തെളിവെടുപ്പിനിടയിലും ഇയാളുടെ പരിക്ക് പ്രകടമായിരുന്നു.
എക്സൈസ് സി.ഐക്ക് മർദനം: പൊലീസ് സി.ഐ ആണെന്ന് കളവ് പറഞ്ഞതാണെന്ന ധാരണയിൽ
കൊടുങ്ങല്ലൂർ: പ്രതികളുടെ ധാരണപ്പിശക് മർദനത്തിെൻറ തീവ്രതയേറ്റി. യുവാക്കളുമായി ഏറ്റുമുട്ടിയ എക്സൈസ് സി.ഐക്ക് നേരേ അക്രമം നടത്തിയ സംഘം കലിപ്പോടെ നിലകൊണ്ടപ്പോൾ എക്സൈസ് സി.ഐ പത്മകുമാർ 'ഞാൻ സി.ഐ' യാണെന്ന് പറയുകയുണ്ടായി. ഇതോടെ 'സി.ഐ പത്മരാജൻ സാറെ ഞങ്ങൾക്ക് അറിയാമെടാ' എന്ന് പറഞ്ഞാണ് കൂടുതൽ മർദനവും കാർ തകർക്കലും ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മർദനമേറ്റയാൾ പൊലീസ് സി.ഐ പത്മരാജൻറ പേരുപറഞ്ഞ് തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന ധാരണയിലാണ് മർദനം രൂക്ഷമാക്കിയതത്രെ. എല്ലാം കഴിഞ്ഞ് പിന്നീടാണ് എക്സൈസ് സി.ഐയെ ആണ് തങ്ങൾ കൈകാര്യംചെയ്തെന്ന ബോധ്യത്തിലേക്ക് പ്രതികൾ എത്തിയത്. പിന്നെ രക്ഷെപ്പടാനുള്ള തത്രപ്പാടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.