കയ്പമംഗലം നിയോജക മണ്ഡലത്തിൽ പോളിങ് ശതമാനത്തിൽ ഇടിവ്
text_fieldsകൊടുങ്ങല്ലൂർ: ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ ഇടതുമുന്നണി മികച്ച മുന്നേറ്റസാധ്യതയും യു.ഡി.എഫ് ചെറിയ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്ന തീരദേശ നിയോജക മണ്ഡലമായ കയ്പമംഗലത്ത് പോളിങ് ശതമാനത്തിൽ ഇടിവ്. ഇത്തവണ പോസ്റ്റൽ വോട്ടും ഹോം വോട്ടും കൂട്ടാതെ 73 ശതമാനത്തോളമാണ് മണ്ഡലത്തിലെ പോളിങ്. ആകെയുള്ള 1,77,612 വോട്ടർമാരിൽ 1,29,323 പേരാണ് വോട്ടുയന്ത്രം വഴി സമ്മതിദാനാവകാശം നിർവഹിച്ചത്.
അതേസമയം, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 79.18 ആയിരുന്നു പോളിങ് ശതമാനം. എൽ.ഡി.എഫിലെ ഇ.ടി. ടൈസൺ 22,698 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടത് മേധാവിത്വം തിരിച്ചുപിടിച്ച 2021ൽ 78.2 ശതമാനം പേർ മണ്ഡലത്തിൽ വോട്ട് ചെയ്തു. ഏഴു പഞ്ചായത്ത് അംഗങ്ങളുള്ള നിയോജക മണ്ഡലത്തിൽ ഉയർന്ന പോളിങ് മതിലകത്താണ്.
74 ശതമാനം പോളിങ് കാണിക്കുന്ന മതിലകത്ത് ആകെയുള്ള 23,439 വോട്ടർമാരിൽ 17,237 പേർ സമ്മതിദാനാവകാശം നിർവഹിച്ചു. 17 ബൂത്തുകളാണ് ഇവിടെ. ശതമാനക്കണക്കിൽ മതിലകമാണ് ഒരു പൊടിക്ക് മുന്നിലെങ്കിലും 73.5 ശതമാനത്തോടെ നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് രണ്ടു പഞ്ചായത്തിന്റെ വലുപ്പവും 34 ബൂത്തുകളുമുള്ള എറിയാട് ആണ്. 37,181 വോട്ടർമാരിൽ 27,308 പേർ എറിയാട് സമ്മതിദാനാവകാശം നിർവഹിച്ചു.
73 ശതമാനം പോളിങ് രേഖപ്പെടുത്തിയ ശ്രീനാരായണപുരം പഞ്ചായത്തിൽ 25 ബൂത്തുകളിലെ 30,885 വോട്ടർമാരിൽ 22,467 പേർ വോട്ട് ചെയ്തു. ഒന്നു മുതൽ 20 വരെ ബൂത്തുകളിൽ 23,340 വോട്ടർമാരുള്ള എടതിരുത്തിയിൽ 17,147 പേർ വോട്ടവകാശം വിനിയോഗിച്ചു. 73.5 ആണ് പോളിങ് ശതമാനം. കയ്പമംഗലത്ത് 72 ശതമാനമാണ് പോളിങ്. 25 ബൂത്തുള്ള ഇവിടെ 28,796 വോട്ടർമാരിൽ 20,817 പേർ സമ്മതിദാനാവകാശം നിർവഹിച്ചു.
15 ബൂത്തിൽ 18,083 വോട്ടർമാരുള്ള പെരിഞ്ഞനത്ത് വോട്ട് ചെയ്തവരുടെ എണ്ണം 12,865 ആണ്. ശതമാനം 71ഉം. എടവിലങ്ങിൽ 13 ബൂത്തിലെ 15,948 വോട്ടർമാരിൽ 11,482 പേർ വോട്ടു ചെയ്തു. 73.5 ആണ് ശതമാനം. ശ്രീനാരായണപുരത്തെ 91ാം നമ്പർ ബൂത്താണ് 82 ശതമാനത്തോടെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. എടവിലങ്ങിലെ 107ാം നമ്പർ ബൂത്തിലാണ് ഏറ്റവും കുറവ്. 64 ശതമാനമാണ് ഈ ബൂത്തിലെ പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.