ഉയരുകയായ്...ദേശപ്പെരുമയുടെ ഉത്സവാരവം
text_fieldsകൊടുങ്ങല്ലുർ: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ കാവിൽ ദേശപ്പെരുമയുടെ ഉത്സവാരവം ഉയരുകയായ്... ശനിയാഴ്ച സന്ധ്യാസമയത്തോടെ സജീവമാകുന്ന തട്ടകം ഇനി നാലുനാൾ ആഘോഷത്തിന്റെ നിറവിലേക്ക്. കോവിഡിന് ശേഷം പൂർവാധികം ആവേശത്തോടെ കൊടുങ്ങല്ലൂരിന്റെ തനത് ഉത്സവമായ താലപ്പൊലി കൊണ്ടാടും.
ശനിയാഴ്ച വൈകീട്ട് നാലിന് നവരാത്രി മണ്ഡപത്തിൽ ദേവീ സ്തുതികളോടെ കൊടുങ്ങല്ലൂർ സാഹിത്യ സദസ്സ് കാവുണർത്തും. ശേഷം മകരസംക്രാന്തിയുടെ സായംസന്ധ്യയിൽ 1001 കതിന വെടികളോടെ ക്ഷേത്രാങ്കണവും നഗരവും നാട്ടാരും ഉത്സവാരവങ്ങളിലേക്ക് പ്രവേശിക്കുകയായ്...
6.30ന് കലകളുടെ വേദിയിൽ ദശാവതാരം ആനന്ദനൃത്തോത്സവം ആസ്വദിക്കാം. പിറകെ മ്യൂസിക്കൽ ഡാൻസ് ഡ്രാമ ‘അഗ്നി ചിലമ്പ്’ അവതരിപ്പിക്കും. ഒന്നാം താലപ്പൊലി ദിനമായ ഞായറാഴ്ച ഒന്നിന് ആനകളും പഞ്ചവാദ്യവും ചെണ്ടമേളവുമായി മഹോത്സവത്തിന് തുടക്കമാകും.
വൈകീട്ട് ആറിന് കതിന വെടി മുഴങ്ങും. തുടർന്ന് ദീപാരാധന. ഏഴോടെ നവരാത്രി മണ്ഡപം തിരുവാതിര കളിയും ഒഡിസി നൃത്തവും നൃത്തനൃത്യങ്ങളുമായി മുഖരിതമാകും. രാത്രി ഒമ്പതിന് തായമ്പകയുണ്ടാകും. പലർച്ചെ ഒന്നിന് നടക്കുന്ന എഴുന്നള്ളിപ്പും മൂന്നിനുള്ള എതിരേൽപുമായി ഒന്നാം താലപ്പൊലി സമാപിക്കും.
രണ്ടാം താലപ്പൊലി നാളായ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എഴുന്നള്ളിപ്പും പഞ്ചവാദ്യവും മേളവുമായി കാവ് ആരവങ്ങളിലേക്ക് കടക്കും. താളം പിടിച്ചെത്തുന്ന മേള പ്രേമികൾ കാവ് കൈയടക്കും. വൈകീട്ട് ദീപാരാധനക്ക് പിറകെ 1001 കതിന വെടികളും കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
രാത്രി എട്ടിന് വാദ്യകലാകാരൻമാരുടെ ‘വാദ്യസമന്വയം’ ആസ്വദിക്കാം. 9.30ന് തായമ്പകയുണ്ടാകും. പുലർച്ച രണ്ടിന് നടക്കുന്ന എഴുന്നള്ളിപ്പ് സമാപിക്കുന്നതോട ശ്രീകുരുംബകാവും പരിസരവും മൂന്നാം താലപ്പൊലിയിലേക്ക് ചുവടുവെക്കും. മൂന്നാം താലപ്പൊലിയുടെ പകൽപ്പൂരം ഉച്ചക്ക് രണ്ടിന് പഞ്ചവാദ്യവും പിറകെ മേളവുമായി കൊട്ടിക്കയറും.
സന്ധ്യയിലെ ദീപാരാധനക്ക് ശേഷം കതിനകൾ മുഴങ്ങും. കരിമരുന്ന് പ്രയോഗവും നടക്കും. പിറകെ നവരാത്രി മണ്ഡപം തിരുവാതിര കളിയും ഗാനമേളയും ‘ഒറ്റമരം കാവല്ല’ എന്ന നാടൻ കലകളിലേക്കും പ്രവേശിക്കും. ഒമ്പതിന് ശ്രീകുരുംബാമ്മക്ക് ഗുരുതിയും തുടർന്ന് തായമ്പകയും 9.30ന് എടവിലങ്ങ് പതിനെട്ടരയാളത്തുനിന്ന് അടന്ത മേളവുമായി പറ എഴുന്നള്ളിപ്പ് നടക്കും.
ജനബാഹുല്യം അതിന്റെ പാരമ്യത്തിലെത്തുന്ന നാലാം താലപ്പൊലി നാൾ രാവിലെ 10ന് നടക്കുന്ന പരമ്പരാഗതമായ അക്ഷരശ്ലോക സദസ്സോടെ സജീവമാകും. പതിവുപോലെ താളമേളങ്ങളുടെ അകമ്പടിയോടെ ഉച്ചക്ക് ഒരു മണിയോടെ കാവ് ജനാരവത്തിലേക്ക് വഴിമാറും.
പഞ്ചവാദ്യം കഴിഞ്ഞ് മേളത്തോടെ എഴുന്നള്ളിപ്പ് നടക്കും. 6.30ന് ദീപാരാധന, പിന്നെ കരിമരുന്ന് പ്രയോഗം. തുടർന്ന് വയലിൻ- ചെണ്ട ഫ്യൂഷൻ അവതരണമാണ്. 9.30 മണിയോടെ ഡബ്ൾ തായമ്പക. അർധരാത്രിയുടെ എഴുന്നള്ളിപ്പ് കഴിഞ്ഞാൽ പുലർച്ച നടക്കുന്ന എതിരേൽപോടെ കാവിൽ ആരവമൊഴിയും. പിന്നെ ഉത്സവപ്രേമികളെല്ലാം അടുത്ത താലപ്പൊലിക്കുള്ള കാത്തിരിപ്പിലേക്ക്.
ഏഴിൽനിന്ന് നാല് നാളിലേക്ക്
കേരളത്തിലെ കാവുകളുടെയെല്ലാം കാവായാണ് കൊടുങ്ങല്ലൂർ കുരുംബക്കാവിനെ വിശേഷിപ്പിക്കുന്നത്. മുൻകാലങ്ങളിൽ ഏഴുദിവസം നീണ്ട താലപ്പൊലി വിവിധ ജാതികളായിരുന്നു നടത്തിയിരുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിൽനിന്ന് ധാരാളം കുഡുംബികൾ എത്താറുണ്ട്.
ആദ്യ താലപ്പൊലിയുടെ ചെലവുകൾ വഹിക്കുന്നത് ‘ഒന്നുകുറെ ആയിരം യോഗം’ എന്ന നായർ സംഘമാണ്. രണ്ടാം താലപ്പൊലി നടത്തിയിരുന്നത് ‘അയിരൂർ അയ്യായിരം’ എന്ന നായർ യോഗക്കാരാണത്രേ. മൂന്നാം താ ലപ്പൊലിയുടെ ചെലവുകൾ വഹിച്ചിരുന്നത് കൊച്ചി രാജാവാണ്.
ആ ദിവസം മാത്രം താലപ്പൊലി തുടങ്ങുന്നത് മുമ്പ് നിലനിന്നിരുന്ന എടവിലങ്ങ് പതിനെട്ടയാളം കോവിലകത്തുനിന്നാണ്. നാലാം താലപ്പൊലി കൊടുങ്ങല്ലൂർ വലിയതമ്പുരാൻ നടത്തിയിരുന്നു. ഇതെല്ലാം ഇപ്പോൾ ദേവസ്വമാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.