കനോലി കനാലിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു
text_fieldsകൊടുങ്ങല്ലൂർ: കനോലി കനാലിൽ വീണ്ടും നിരവധി കൂട് കൃഷികളിലെ മത്സ്യങ്ങൾ ചത്തുപൊങ്ങി. വളർച്ചയെത്തിയ ആയിരക്കണക്കിന് മീനുകൾ ചത്തൊടുങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. പൂവ്വത്തുംകടവിൽ കനോലി കനാലിൽ കൂടുകെട്ടി വളർത്തിയ മത്സ്യങ്ങളാണ് വൻതോതിൽ ചത്തുപൊങ്ങിയത്. വള്ളിവട്ടം സ്വദേശികളായ വലിയ വീട്ടിൽ സജിലൻ, നബ്ലത്ത് വിനയൻ, കാതിക്കോത്ത് സുരേഷ്, പടിയൂർ അഴിപറമ്പിൽ ജിബിൻ എന്നിവരുടെ ഏഴു കൂടുകളിലെയും വള്ളിവട്ടം വലിയ വീട്ടിൽ മധുസൂദനന്റെ മൂന്നു കൂടുകളിലെയും മത്സ്യങ്ങൾ കഴിഞ്ഞ ബുധനാഴ്ച മുതൽ ചത്തുപൊങ്ങുകയാണ്. പത്ത് കൂടുകളിൽ മാത്രം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു.
ഫിഷറീസിന്റെ സഹായത്തോടെയും ലോണെടുത്തും മറ്റുമാണ് ഇവർ കൃഷിയിറക്കിയത്. എസ്.എൻ. പുരം പള്ളിനട, വെളുത്ത കടവ്, മതിലകം ഭാഗങ്ങളിലും മത്സ്യങ്ങൾ ചത്തൊടുങ്ങുകയാണ്. പുഴയിൽ മലിനജലം കലർന്നതാണ് കാരണമെന്ന് കർഷകർ പറയുന്നു. ചെമ്പല്ലി, കരിമീൻ, കാളാഞ്ചി എന്നീ മീനുകളാണ് ചത്തത്. അരക്കിലോ മുതൽ രണ്ടര കിലോയോളം തൂക്കമുള്ള മീനുകളാണ് കൂട്ടത്തോടെ ചത്തത്. ഫിഷറീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നഷ്ടപരിഹാരം നൽകാനും മലിനജലം ഒഴുക്കിവിടുന്നത് തടയാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.