സർക്കാർ ഓഫിസുകൾ ഇങ്ങനെ വേണം; കൊടുങ്ങല്ലൂരിലേക്ക് വരൂ...
text_fieldsകൊടുങ്ങല്ലൂർ: സർക്കാർ ഓഫിസുകളിൽ ഉറവിട മാലിന്യ സംസ്കരണവുമാകാം. അതുവഴി അലങ്കാര ചെടികളും വളർത്താം. ഇതെങ്ങനെ എന്നറിയാൻ കൊടുങ്ങല്ലൂർ എ.ഇ.ഒ.ഓഫിസിലേക്ക് വരിക. സൻമനസും അൽപം സൗന്ദര്യബോധവും ഉണ്ടെങ്കിൽ ഏത് ഓഫിസും മാലിന്യ മുക്തവും ആകർഷകവുമാക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ് കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസിലുള്ളവർ. ഇതിന്റെ നേർസാക്ഷ്യമാണ് കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എ.ഇ.ഒ. ഓഫിസ് പരിസരത്ത് വളർന്ന് നിൽക്കുന്ന ആകർഷകമായ അലങ്കാര ചെടികൾ.
ഉറവിട മാലിന്യ സംസ്കരണം വഴി ചെടികൾ വളർത്തുകയാണിവിടെ. ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള ജൈവ മാലിന്യം ബക്കറ്റ് ബിന്നിലൂടെ സംസ്കരിച്ചാണ് വളമാക്കി മാറ്റുന്നത്. ഉപയോഗശൂന്യമായ കിടന്നിരുന്ന റാക്കുകളും മറ്റും പ്രയോജനപ്പെടുത്തിയാണ് അലങ്കാര ചെടികൾ വെച്ചിരിക്കുന്നത്.
ഈ ചെടികളിലാണ് വളം ഉപയോഗിക്കുന്നത്. ഓഫിസിൽ ബക്കറ്റ് ബിൻ പരിപാലിച്ച് ഇനോകുലം ചേർത്താണ് വളം ഉണ്ടാക്കുന്നത്. കുറച്ച് ജൈവ മാലിന്യം മാത്രമാണ് ഓഫിസിൽ ഉണ്ടാകുന്നത്. ഓഫിസിലെ കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് സൂക്ഷിച്ച് നഗരസഭയുടെ ഹരിത കർമ സേനക്ക് കൈമാറിയാണ് മാലിന്യ സംസ്കരണം പൂർണമാക്കുന്നത്. കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. മൊയ്തീൻകുട്ടി, സീനിയർ സൂപ്രണ്ട് എസ്. സുമ, ക്ലർക്ക് മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിൽ മറ്റു ജീവനക്കാരും കൈകോർത്താണ് ഈ മാതൃകാ സംരംഭം യാഥാർഥ്യമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.