വേലിയേറ്റത്തിൽ കായലോര മേഖലയിൽ വ്യാപക നാശം; ചെമ്മീൻ കർഷകർ പ്രതിസന്ധിയിൽ
text_fieldsവേലിയേറ്റത്തിൽ റോഡിൽ വെള്ളം കയറിയ നിലയിൽ
കൊടുങ്ങല്ലൂർ: ഒരാഴ്ചയായി തുടരുന്ന ശക്തമായ വേലിയേറ്റത്തിൽ കൊടുങ്ങല്ലൂരിലെ കായലോര മേഖലയിൽ വ്യാപക നാശനഷ്ടം. ചെമ്മീൻ കർഷകർ ഉൾപ്പെടെ മത്സ്യകർഷകർ പ്രതിസന്ധിയിൽ.
വെള്ളപ്പൊക്കത്തിൽ ജില്ലയിലെ പ്രധാനപ്പെട്ട മത്സ്യ മേഖലയായ ആനാപ്പുഴ, വി.പി. തുരുത്ത്, കോട്ടപ്പുറം, കൊടുങ്ങല്ലൂർ, പുല്ലൂറ്റ് മേഖലയിലെ ചാപ്പാറ, നാരായണമംഗലം, കോഴിക്കുളങ്ങര, നായ്ക്കുളം, ഗോതുരുത്ത് തുടങ്ങി പല പ്രദേശങ്ങളിലെയും ചെമ്മീൻ കെട്ടുകളിൽ പ്രതിസന്ധി രൂക്ഷമാണ്.
ചിലയിടങ്ങളിൽ വീടുകളിലും റോഡുകളിലും ഉപ്പ് വെള്ളം കയറി നാശനഷ്ടമുണ്ടായി. കൃഷിയിനങ്ങളെല്ലാം നശിക്കുകയാണ്. തെങ്ങുകളും ഭീഷണിയിലാണ്. പുറം ചിറകൾ മുങ്ങി തൂമ്പിന് മുകളിലൂടെ വെള്ളം കയറിയിറങ്ങുന്നതുകാരണം പല കെട്ടുകളുടെയും പുറംചിറകൾ പൊട്ടിപ്പോയി.
ചില കെട്ടുകളുടെ ചിറകൾ നശിച്ചു. പുഴയും ചെമ്മീൻ കെട്ടും ഒന്നായ അവസ്ഥയിലായതോടെ ഹാച്ചറികളിൽ നിന്നുവാങ്ങി കെട്ടുകളിൽ വളർത്തിയിരുന്ന ചെമ്മീൻ, മത്സ്യക്കുഞ്ഞുങ്ങളും ഞണ്ടുകളും പുഴയിലേക്ക് ഒഴുകിപ്പോയി. കെട്ട് തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ മുതൽ ഓരോ തക്കത്തിലും തുടർച്ചയായി ഉയർന്ന വേലിയേറ്റ വെള്ളപ്പൊക്കം ഉണ്ടാകുന്നതാണ് നാശനഷ്ടങ്ങൾ ഏറ്റിയിരിക്കുന്നത്.
ഇത്തവണ അവസ്ഥ കൂടുതൽ രൂക്ഷമാണ്. വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്.
പുറം ചിറകളുടെ ഉയരം ഒരു മീറ്ററെങ്കിലും ഉയർത്തണമെന്നും എക്കലടിഞ്ഞു നികന്നു കിടക്കുന്ന പുഴകളുടെയും കായലുകളുടെയും ആഴം വർധിപ്പിക്കണമെന്നും കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ (കാഫ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കാലാവസ്ഥ വ്യതിയാനം കാരണം ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് വിവിധ ഏജൻസികൾ സർക്കാറിന് നൽകിയിട്ടുള്ളതാണെന്നും മുമ്പ് ഇത്തരം വേലിയേറ്റം ഉണ്ടായപ്പോൾ ഒട്ടേറെ നിവേദനങ്ങൾ സംഘടന നൽകിയിട്ടും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കാഫ് ജില്ല പ്രസിഡന്റ് എം.കെ. സാനുബാബു, ജനറൽ സെക്രട്ടറി ടി.എ. നൗഷാദ് എന്നിവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.