പോള ഫിലിം ഫെസ്റ്റിവലിന് കമൽ തിരിതെളിയിക്കുന്നു
text_fieldsകൊടുങ്ങല്ലൂർ: ചരിത്രത്തിെൻറ തിരശ്ശീലയിലേക്ക് വഴി മാറിയ സിനിമ കൊട്ടകയിൽ പുതുചരിത്രമെഴുതി ഒരു ചലച്ചിത്ര മേള. എസ്.എൻ. പുരത്ത് തിരി തെളിഞ്ഞ 'പോള ഫിലിം ഫെസ്റ്റിവൽ' ആണ് പ്രാദേശിക ചലച്ചിത്ര മേളകളിൽ നിന്നെല്ലാം വ്യത്യസ്തവും സവിശേഷവുമാകുന്നത്. തലമുറകൾക്ക് സിനിമാസ്വാദനം സമ്മാനിച്ച ശേഷം അടച്ചു പൂട്ടുകയും പിന്നീട് കല്യാണ മണ്ഡപമായി മാറുകയും ചെയ്ത പഴയ പോള തിയേറ്ററിലാണ് ചരിത്രം പുനർജനിക്കുന്നത്. പോള എന്ന സിനിമ കൊട്ടകയിൽ കളിച്ചു പോയ സിനിമകളാണ് ഫിലിം ഫെസ്റ്റിവലിലെ ഓരോ സിനിമയും ഇതോടൊപ്പം അന്നത്തെ പ്രേക്ഷകരും പോളയുടെ ഭാഗമായിരുന്നവരുമെല്ലാം മേളയുടെ ഭാഗമായി ഒത്തുകൂടുകയാണിവിടെ.
പനങ്ങാട് സ്പോർട്സ് ക്ലബിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് എസ്.എൻ. പുരം പൗരാവലിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പോള ഫിലിം ഫെസ്റ്റിവൽ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. സിനിമ കൊട്ടകകൾ ഇല്ലാതായതോടെ ഉള്ളവനും ഇല്ലാത്തവനും സിനിമയും കഥാപാത്രങ്ങളുമെല്ലാം ഉൾചേർന്ന വലിയൊരു സാംസ്കാരിക വിനിമയത്തിെൻറ ഇടമാണ് ഇല്ലാതായതെന്നും അതുകൊണ്ട് തന്നെ ഇത്തരം സംരംഭങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും കമൽ പറഞ്ഞു. ഇ.ടി. ടൈസൺ എം.എൽ.എ, സിനിമ നടൻ വി.കെ. ശ്രീരാമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കെ.കെ. അബീദ് അലി അധ്യക്ഷത വഹിച്ചു.
പിതാവ് മാനേജരായിരുന്ന ജൻമനാട്ടിലെ പോള തിയറ്റർ നൽകിയ അനുഭവങ്ങൾ കവിതകളാക്കിയ പി.എൻ. ഗോപീകൃഷ്ണന് പനങ്ങാട് സ്പോർട്സ് ക്ലബിന്റെ സ്നേഹോപഹാരം കമലും വി.കെ. ശ്രീരാമനും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.എസ്. മോഹനൻ, സീനത്ത് ബഷീർ, അംഗങ്ങളായ ശീതൾ, സുമതി സുന്ദരൻ, എസ്.ജി. സഞ്ജയ്, കമാൽ കാട്ടകത്ത്, ടി.കെ. രമേശ് ബാബു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. നൗഷാദ് കറുകപാടത്ത് സ്വാഗതവും ജനറൽ സെക്രട്ടറി പി.ജി. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. ഫെസ്റ്റിവൽ എട്ടാം തീയതി വരെ നീണ്ടു നിൽക്കും. സാംസ്കാരിക പരിപാടികളും പ്രദർശനവും ഭക്ഷ്യമേളയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.