സ്വാതന്ത്ര്യദാഹം തിളച്ചു; അധികാരി സ്ഥാനം തെറിച്ചു
text_fieldsകൊടുങ്ങല്ലൂർ: സ്വാതന്ത്യ സമരകാലത്ത് ഏറെ ധർമ്മസങ്കടം അനുഭവിച്ചിരുന്നവരാണ് രാജ്യസ്നേഹികളായ സർക്കാർ ഉദ്യോഗസ്ഥർ. സ്വന്തം രാജ്യം സ്വാതന്ത്ര്യം നേടണമെന്ന കലശലായ അഭിവാഞ്ഛക്കും ജീവിതമാർഗ്ഗമായ തൊഴിലിനും ഇടയിൽ അകപ്പെട്ടായിരുന്നു അവരുടെ ജീവിതം. സ്വാതന്ത്ര്യസമരത്തിൽ പരോക്ഷമായി പങ്കെടുക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യാൻ പോലും അന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് ഭയമായിരുന്നു. ജോലി വകവെക്കാതെ സ്വാതന്ത്യ സമരത്തിലേക്ക് നീങ്ങിയവർ ഏറെയാണ്. ഇങ്ങനെ ജോലി നഷ്ടപ്പെട്ടവർ കൊടുങ്ങല്ലൂരിലും കുറവായിരുന്നില്ല. ഇത്തരമൊരു കഥയായിരുന്നു നാട്ടിലെ ‘അധികാരി’ സ്ഥാനം അലങ്കരിച്ചിരുന്ന പതിയാശ്ശേരി (മാങ്ങാംപറമ്പിൽ) അഹമ്മദുണ്ണിയുടേത്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സമ്മേളനങ്ങളിൽ ശ്രോതാക്കളായി പോലും സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കാൻ പാടില്ലെന്നായിരുന്നു അന്നത്തെ ശാസന. ഇതിനിടയിലാണ് 1920ൽ ഒറ്റപ്പാലം സമ്മേളനം നടക്കുന്നത്. ഇതറിഞ്ഞതോടെ പി. വെമ്പല്ലൂർ ദേശം അധികാരിയായിരുന്ന അഹമ്മദുണ്ണിക്ക് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. ആത്മാവിൽ സ്വാതന്ത്ര്യ ദാഹം അലയടിച്ചുയരാൻ തുടങ്ങിയതോടെ രണ്ടും കൽപ്പിച്ച് അദ്ദേഹം ഒറ്റപ്പാലം സമ്മേളനത്തിന് പോയി. ഫലമോ, അദ്ദേഹത്തെ സർവിസിൽനിന്ന് പിരിച്ചുവിടുക മാത്രമല്ല രാജ്യദ്രോഹക്കുറ്റവും ചുമത്തി. ഒടുവിൽ 1937ൽ 17 വർഷത്തിന് ശേഷം രാജാജി മന്ത്രിസഭ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെട്ടവർക്കെല്ലാം തിരിച്ച് നൽകാൻ തീരുമാനിച്ചതിന് പിറകെയാണ് അദ്ദേഹത്തിന് വീണ്ടും ജോലിയിൽ പ്രവേശിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.