ഇന്ത്യയെ അറിയാനെത്തിയ അവർ മുസിരിസിന്റെ ചരിത്രവഴികളെ കണ്ടറിഞ്ഞു
text_fieldsകൊടുങ്ങല്ലൂർ: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇന്ത്യയെ അറിയുക’ പരിപാടിയുടെ 66ാം എഡിഷന്റെ ഭാഗമായി ഇന്ത്യന്‍ വംശജരായ പ്രവാസി വിദ്യാർഥികളും യുവാക്കളും ഉള്‍പ്പെടുന്ന സംഘം മുസിരിസ് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആദ്യ പോയന്റായ പറവൂര്‍ ജൂത സിനഗോഗില്‍ സംഘത്തെ മുസിരിസ് ഉദ്യോഗസ്ഥര്‍ വരവേറ്റു.
തുടര്‍ന്ന് പാലിയം കൊട്ടാരം, നാലുകെട്ട്, കോട്ടപുറം വാട്ടര്‍ ഫ്രന്റും മാര്‍ക്കറ്റും കോട്ടപ്പുറം കോട്ടയും കണ്ടും കേട്ടും അറിഞ്ഞാണ് സംഘം മടങ്ങിയത്. പ്രോഗ്രാം കോഓഡിനേറ്ററും നോര്‍ക്ക റൂട്ട്സ് പി.ആര്.ഒയുമായ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെ മുസിരിസ് പൈതൃക പദ്ധതി മാര്‍ക്കറ്റിങ് മാനേജർ ഇബ്രാഹിം സബിന്‍, അഡ്മിനിസ്ട്രേഷൻ മാനേജർ കെ.വി. ബാബുരാജ്, മ്യൂസിയം മാനേജർമാരായ കെ.ബി. നിമ്മി, സജന വസന്തരാജ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സംസ്ഥാന സർക്കാറിനുവേണ്ടി നോർക്ക റൂട്ട്സിന്റെ നേതൃത്തിലാണ് സന്ദർശന പരിപാടി ആസൂതണം ചെയ്തത്. എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സംഘം സന്ദര്‍ശിക്കുന്നത്.
ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്മാര്, ന്യൂസിലാൻഡ്, സറിനെയിം, ട്രിനിഡാഡ് ആൻഡ് ടുബാഗോ, സിംബാംബേ, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അറുപതോളം യുവതീ-യുവാക്കളാണ് കേരളത്തിലെത്തിയത്. ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കൾക്കും വിദ്യാർഥികള്‍ക്കുമായി നടത്തുന്ന മൂന്നാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമാണ് ‘ഇന്ത്യയെ അറിയുക’. കൊച്ചിൻ ഷിപ്പിയാർഡ്, വാട്ടർ മെട്രോ, മുസിരിസ് പ്രദേശങ്ങൾ, കലാമണ്ഡലം, കുമരകം ബേർഡ് സാങ്ച്വറി തുടങ്ങിയവയും മറ്റ് സാമൂഹിക രഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിൽ 12ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയും ആസ്വദിച്ച ശേഷം സംഘം 13ന് വൈകീട്ട് കൊച്ചി വിമാനത്താവളത്തിൽനിന്ന് തിരികെ ഡൽഹിയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.