കൊടുങ്ങല്ലൂർ സി.പി.ഐയിൽ ആഭ്യന്തര കലഹം രൂക്ഷം
text_fieldsകൊടുങ്ങല്ലുർ: ജില്ല കമ്മിറ്റി നടപടിക്ക് പിറകെ കൊടുങ്ങല്ലൂർ സി.പി.ഐയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. ഒരു വിഭാഗം നേതാക്കളും നഗരസഭ കൗൺസിലർമാരും ശക്തമായ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. ദിനൽ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് പാർട്ടി ജില്ല സെക്രട്ടറിക്ക് കത്ത് കൈമാറി. മറ്റൊരു കൗൺസിലറും കത്ത് നൽകിയതായി അറിയുന്നു. കൂടുതൽ കൗൺസിലർമാർ മുന്നോട്ട് വരുമെന്നും പറയുന്നു.
അഡ്ഹോക്ക് കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട് വിളിച്ചുചേർത്ത യോഗത്തിൽ മേത്തല ഈസ്റ്റ്, ലോകലേശ്വരം, പുല്ലൂറ്റ് ലോക്കൽ സെക്രട്ടറിമാർ പങ്കെടുത്തില്ല.
സി.സി. വിപിൻ ചന്ദ്രൻ സെക്രട്ടറിയായുള്ള മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടുള്ള മേൽ കമ്മിറ്റികളുടെ തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി സന്നദ്ധത.പുതിയ അഡ്ഹോക്ക് കമ്മിറ്റിയിൽ അർഹതപ്പെട്ടവരെയും പ്രവർത്തന മികവുള്ളവരെയും ഒഴിവാക്കുകയും പാർട്ടിക്ക് ഗുണം ചെയ്യാത്തവരെ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.
സി.പി.ഐ നേതാക്കളുടെ രാജി നീക്കം കൊടുങ്ങല്ലൂർ നഗരസഭ ഭരണത്തെ പ്രതിസന്ധിയിലാക്കിയേക്കുമെന്നും ആശങ്കയുണ്ട്. കേവല ഭൂരിപക്ഷമില്ലാതെയാണ് എൽ.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. ഒരു വിഭാഗം കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും. സി.പി.ഐക്ക് ജില്ലയിൽ വലിയ സ്വാധീനമുള്ള മേഖലയാണ് കൊടുങ്ങല്ലൂർ.കഴിഞ്ഞ സമ്മേളനത്തിലാണ് കൊടുങ്ങല്ലൂരിൽ വിപിൻ ചന്ദ്രനെ സെക്രട്ടറിയാക്കി മണ്ഡലം കമ്മിറ്റി നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.