അതിജീവന കഥയെഴുതിയും അരങ്ങിൽ മികവറിയിച്ചും ഇ.എസ്. ആമി
text_fieldsകൊടുങ്ങല്ലൂർ: സംസ്ഥാന കലോത്സവത്തിൽ കഥാരചനയിലും നാടകാഭിനയത്തിലും മികവറിയിച്ച് തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചെത്തിയ ഇ.എസ്. ആമി. ഹയർ സെക്കൻഡറി വിഭാഗം കഥാരചനയിൽ എ ഗ്രേഡ് നേടിയ ആമി അഭിനയിച്ച നാടകവും എ ഗ്രേഡിനർഹമായി.
‘വേഗത്തിൽ നീങ്ങുന്ന ഘടികാര സൂചികൾ’ എന്നതായിരുന്നു കഥാരചനക്ക് വിഷയം. പത്രത്തിൽ വായിച്ച പഴയൊരു വാർത്തയെ വിഷയവുമായി ബന്ധിപ്പിച്ചാണ് കഥ മെനഞ്ഞത്. കരയമ്പാടി എന്ന സാങ്കൽപിക പ്രദേശത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കുംവിധം ഉയർന്നു വന്ന ജാതി മതിലും അതിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങളും പശ്ചാത്തലമാക്കിയായിരുന്നു ആമിയുടെ കഥ. പ്രതിസന്ധികളെ തരണം ചെയ്ത് വിജയം വരിക്കുന്ന ഒരു പെൺകുട്ടിയിലൂടെയാണ് കഥ നീങ്ങുന്നത്. ‘ശവനാറിപൂക്കൾ’ എന്നതായിരുന്നു കഥയുടെ തലക്കെട്ട്.
ആമി അഭിനയിച്ച ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന ഹയർ സെക്കൻഡറി വിഭാഗം നാടകവും എ ഗ്രേഡ് നേടി. ഗാനാലാപനത്തിലും കവിതാരചനയിലും പ്രതിഭ തെളിയിച്ചിട്ടുള്ള ആമി ചെന്ത്രാപ്പിന്നി എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ശ്രീനാരായണപുരം പഞ്ചായത്തിലെ നാടക പ്രവർത്തകരായ സുധീഷ് അമ്മവീടിന്റെയും ജിതി സുധീഷിന്റെയും മകളാണ്.wക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.