കിടുങ്ങിലെ റേഷൻകട പൂട്ടി; പ്രതിഷേധവുമായി കാർഡുടമകൾ
text_fieldsമതിലകം: റേഷൻകട അപ്രതീക്ഷിതമായി പൂട്ടിയതിനെതിരെ പ്രതിഷേധവുമായി കാർഡുടമകൾ രംഗത്ത്. മതിലകം കിടുങ്ങ് ഭാഗത്ത് പ്രവർത്തിച്ചിരുന്ന 164 നമ്പർ റേഷൻ കടയാണ് ചൊവ്വാഴ്ച കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ അടച്ചു പൂട്ടിയത്. റേഷൻ കട റദ്ദാക്കാൻ ലൈസൻസിയായ പി.ബി. ശ്രീലത ജില്ല സപ്ലൈ ഓഫിസ് അധികൃതർക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച് നവംബർ എട്ടിന് ജില്ല സപ്ലൈ ഓഫിസ് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ലൈസൻസിയുടെ ഭർത്താവ് നടത്തിയിരുന്ന റേഷൻ കട രണ്ട് തവണ സസ്പെപെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ സസ്പെൻഷനെ തുടർന്ന് മതിലകം സെന്ററിലെ റേഷൻ കടയോട് അറ്റാച്ച് ചെയ്താണ് കിടുങ്ങിലെ കട പ്രവർത്തിച്ചിരുന്നത്. പൂട്ടിയതോടെ കിടുങ്ങിലെ കടയുമായി ബന്ധപ്പെട്ട എല്ലാം മതിലകത്തെ റേഷൻകടയിലേക്ക് മാറ്റി. ഫലത്തിൽ പള്ളി വളവിലും കിടുങ്ങിലുമായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന റേഷൻകട ഇല്ലാതായി.
ഇനി കാർഡുടമകൾ റേഷൻ സാധനങ്ങൾ വാങ്ങാൻ മതിലകം സെന്ററിലെ റേഷൻ കടയിൽ പോകണം. ഇത് അധികം ദൂരമില്ലെന്നും കിടുങ്ങിലെ 747 കാർഡുടമകളിൽ 64 ശതമാനം മാത്രമേ റേഷൻ സാധനങ്ങൾ വാങ്ങുന്നുള്ളൂവെന്നുമടക്കം ഘടകങ്ങൾ വിലയിരുത്തിയാണ് അടച്ചുപൂട്ടൽ നടപടിയെന്നാണ് താലൂക്ക് സപ്ലൈ അധികൃതരുടെ വിശദീകരണം. അതേ സമയം വിവിധ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൂട്ടലിനെതിരെ കാർഡുടമകൾ രംഗത്തുവന്നിരിക്കുന്നത്.
റേഷൻ കട നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കാർഡുടമകൾ അധികാരികൾക്ക് മെമ്മൊറാണ്ടം സമർപ്പിക്കാൻ തയാറെടുക്കുകയാണ്. ഇതിനായി മുജീബ് പണിക്കവീട്ടിൽ, ആരിഫ് മതിലകത്ത് വീട്ടിൽ, ആഷിക്ക് പൊന്നാംപടിക്കൽ എന്നിവരുടെ നേതൃത്വത്തിൽ കാർഡുടമകളുടെ ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.