ഉമ്മയോടൊത്തുള്ള സ്വന്തം ജീവിതം കാണാൻ ശ്രീധരൻ ഇന്ന് കൊടുങ്ങല്ലൂരിലെത്തും
text_fieldsകൊടുങ്ങല്ലൂർ: തെന്നാടൻ സുബൈദ എന്ന തന്റെ ഉമ്മയോടൊത്തുള്ള സ്വന്തം ജീവിതം കാണാൻ മകൻ ശ്രീധരൻ ശനിയാഴ്ച കൊടുങ്ങല്ലൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലെത്തും. സുബൈദയുടെയും ശ്രീധരൻ ഉൾപ്പെടെയുള്ള മക്കളുടെയും പച്ചയായ ജീവിതമാണ് ചലച്ചിത്രോത്സവത്തിൽ ശനിയാഴ്ച മൂന്നിന് ശ്രീകാളീശ്വരി സിനിമാസിൽ പ്രദർശിപ്പിക്കുന്ന ‘എന്ന് സ്വന്തം ശ്രീധരൻ’ സിനിമ. സ്വന്തം ജീവിതം അഭ്രപാളിയിൽ കാണാനെത്തുന്ന ശ്രീധരനോടൊപ്പം സുബൈദക്ക് വേഷപകർച്ച നൽകിയ നിലമ്പൂർ ആയിഷയും മറ്റും ഉണ്ടാകും. വെറുപ്പിന്റെ ഇരുട്ട് പടരുന്ന വർത്തമാനകാലത്ത് സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയായി ജീവിച്ച കുടുംബത്തിന്റെ ജീവിത കഥയാണ് ‘എന്ന് സ്വന്തം ശ്രീധരൻ’.
മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമത്തിൽ തെന്നാടൻ വീട്ടിൽ സുബൈദയാണ് യഥാർഥ ജീവിതത്തിലെയും കഥയിലെയും നായിക. തന്റെ കൂട്ടുകാരി ചക്കി അകാലത്തിൽ മരിച്ചപ്പോൾ പറക്കമുറ്റാത്ത അവളുടെ മൂന്ന് കുഞ്ഞുങ്ങളെ വീട്ടിലേക്ക് കൊണ്ടുവന്ന് തന്റെ മക്കൾക്കൊപ്പം അവർ വളർത്തി വലുതാക്കി. ചക്കിയുടെ മക്കൾ അവരുടെ മതവിശ്വാസങ്ങളോടെ ജീവിച്ചു. അവരുടെ വിവാഹവും അപ്രകാരം തന്നെ തെന്നാടൻ തറവാട്ടു മുറ്റത്ത് നടന്നു. ആ സഹോദരങ്ങൾ അങ്ങിനെ ജീവിച്ചു പോരുമ്പോൾ സുബൈദ മരിക്കുന്നു. അന്ന് ഗൾഫിലായിരുന്ന ഇളയ മകൻ ശ്രീധരൻ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇങ്ങനെയായിരുന്നു. ‘‘എന്റെ ഉമ്മ ഇന്ന് മരണപ്പെട്ടു. ഉമ്മയുടെ പരലോക മോക്ഷത്തിനായി എല്ലാവരും പ്രാർഥിക്കണം’’ -എന്ന് ശ്രീധരൻ. ആ പോസ്റ്റിന്റെ പൊരുൾ തേടിയുള്ള സിദ്ധീക്ക് പറവൂരിന്റെ യാത്രയാണ് ‘എന്ന് സ്വന്തം ശ്രീധരൻ’ എന്ന ചലച്ചിത്രാവിഷ്ക്കാരം. ബി.ബി.സിയും, ദ ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും അരുന്ധതി റോയ്, ശശി തരൂർ തുടങ്ങിയ പ്രമുഖരും പ്രശംസിച്ച ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും സിദ്ധീക്ക് പറവൂരാണ് നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.