കുട്ടികളുടെ ഗ്രാമസഭയുമായി മതിലകം ഗ്രാമപ്പഞ്ചായത്ത്
text_fieldsകൊടുങ്ങല്ലൂർ: സംസ്ഥാനത്തെ ആദ്യ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ച് മതിലകം ഗ്രാമപ്പഞ്ചായത്തിലെ പതിനാലാം വാർഡ്. 124 കുട്ടികൾ പങ്കെടുത്ത ഗ്രാമ സഭയിൽ പങ്കാളികളും സംഘാടകരുമെല്ലാം കുട്ടികൾ തന്നെയായിരുന്നു. ഇ.ടി. ടൈസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മതിലകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ശിശുക്ഷേമ സമിതി ചെയർമാൻ ഡോ. കെ.ജി.വിശ്വനാഥൻ എന്നിവർ മുഖ്യാതിഥികളായി.
ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ , അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിനു ശേഷം കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിയുകയും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഓരോ ഗ്രൂപ്പിൽ നിന്നും ഒരാൾ വീതം വന്ന് പൊതുവേദിയിൽ ഈ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
ബാലവേല പാടില്ല, പെൺകുട്ടികളോട് വിവേചനമരുത്, ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങൾ നൽകണം, വാർഡിൽ വായന ശാല സ്ഥാപിക്കണം, കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകണം, ഉച്ചഭക്ഷണം മികച്ചതാക്കണം, അധ്യാപകർ ശിക്ഷാരീതികൾ ഒഴിവാക്കണം, പുസ്തക ഭാരം കുറക്കണം, ഒരേ യൂണിഫോം നടപ്പിലാക്കണം തുടങ്ങിയ വിഷയങ്ങളാണ് കുട്ടികൾ പ്രമേയങ്ങളായി അവതരിപ്പിച്ചത്.
തുടർ പ്രവർത്തനങ്ങൾക്കായി ആഷ്മി സുനിൽ പ്രസിഡന്റും ഹസ്ന സെക്രട്ടറിയുമായി ഏഴംഗ കുട്ടികളുടെ പ്രവർത്തന സമിതി രൂപവത്ക്കരിച്ചു. ഉച്ചക്കു ശേഷം രണ്ടു മണിക്ക് തുടങ്ങിയ ഗ്രാമസഭ ആറു മണിയോടെ അവസാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എസ്.രവീന്ദ്രൻ അടക്കം മുഴുവൻ ജനപ്രതിനിധികളും പൂർണ സമയം കുട്ടികളോടൊപ്പം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.