കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷൻ: ജലവിതരണം തടസ്സപ്പെട്ടിട്ട് ഒരാഴ്ച; ജീവനക്കാർ സമരരംഗത്ത്
text_fieldsകൊടുങ്ങല്ലൂർ: മിനി സിവിൽ സ്റ്റേഷനിൽ ജലവിതരണം തടസ്സപ്പെട്ടിട്ട് ഒരാഴ്ചയായിട്ടും പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ മാർച്ച് നടത്തി. വെള്ളം കിട്ടാതെ ദുരിതത്തിലായ ജീവനക്കാരാണ് സമരത്തിനിറങ്ങിയത്. ശുചിമുറിപോലും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. പലരും പുറമെയുള്ള ഇടങ്ങൾ തേടിപ്പോവുകയാണ്.
ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന രണ്ട് മോട്ടോറുകളിൽ ഒന്നും ഓട്ടോമാറ്റിക്ക് പമ്പിങ് സംവിധാനവും തകരാറിലായതാണ് പ്രശ്നം. ഒരു മോട്ടോർ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിനാൽ തഹസിൽദാരുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് മാത്രമാണ് ജലലഭ്യതയുള്ളത്. മറ്റിടങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടത് പരിഹരിക്കാൻ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നിഷേധാത്മക സമീപനമാണ് ഉണ്ടാകുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. സമരക്കാരുടെ ഇടപെടലിനെ തുടർന്ന് ജലലഭ്യതയില്ലാത്ത ഭാഗത്തേക്ക് പമ്പിങ് നടത്തി. ഇവിടെ ഓട്ടോമാറ്റിക് പമ്പിങ് സംവിധാനം പുനഃസ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. മാസങ്ങൾക്ക് മുമ്പും തടസ്സം നേരിട്ടതിനെ തുടർന്ന് ജീവനക്കാർ സമരം നടത്തിയിരുന്നു.
24 ഓഫിസുകളിലായി ഇരുനൂറിലധികം ജീവനക്കാരും പൊതുജനങ്ങളും നിരന്തരം എത്തുന്ന ഓഫിസ് സമുച്ചയമാണിത്. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സൂചന പ്രതിഷേധ പ്രകടനത്തിന് കേരള എൻ.ജി.ഒ യൂനിയൻ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ് പി.എ. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എസ്. സുമേഷ്, കെ.കെ. റസിയ, പി.എസ്. പ്രേംദാസ്, രാജൻ, എ.കെ. ജിനീഷ്, സിനിത, ഷബ്ന, നീത, അജിത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.