ബി.ജെ.പി വനിത കൗൺസിലർമാർ ഉപരോധിച്ചു; കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ ആശുപത്രിയിൽ
text_fieldsകൊടുങ്ങല്ലൂർ: ലോക വനിത ദിനത്തിൽ ബി.ജെ.പി വനിത കൗൺസിലർമാർ ബലമായി ഉപരോധിച്ച കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ ആശുപത്രിയിൽ. ചെയർപേഴ്സന്റെ കാബിനിൽ നടന്ന ഉപരോധത്തിനും നാടകീയ സംഭവവികാസങ്ങൾക്കും ഒടുവിൽ ശാരീരിക പ്രയാസങ്ങളെ തുടർന്ന് ചെയർപേഴ്സൻ എം.യു. ഷിനിജ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാബിനിൽനിന്ന് എൽ.ഡി.എഫ് വനിത കൗൺസിലർമാരുടെ സഹായത്തോടെ പുറത്ത് കടക്കാൻ ശ്രമിച്ച ചെയർപേഴ്സനെ ബി.ജെ.പി വനിത കൗൺസിലർമാർ ബലംപ്രയോഗിച്ച് തടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും വനിത കൗൺസിലർമാർ ചികിത്സ തേടി. 11 മണിയോടെ നഗരസഭ കൗൺസിൽ യോഗത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
യോഗം ആരംഭിച്ചയുടൻ ബി.ജെ.പി പ്രതിപക്ഷ നേതാവ് ടി.എസ്. സജീവന്റെ നേതൃത്വത്തിൽ ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഴുന്നേറ്റു. നേരത്തേ തീരുമാനിച്ച അജണ്ടകൾ പാസാക്കിയ ശേഷം ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൻ പറഞ്ഞെങ്കിലും ബി.ജെ.പി കൗൺസിലർമാർ അംഗീകരിക്കാൻ തയാറായില്ല. തുടർന്ന് ബി.ജെ.പിക്കാർ പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളികളുമായി ബഹളംവെച്ച് ചെയർപേഴ്സന്റെ ചേംബറിന് മുന്നിലെത്തി. ഇതോടെ യോഗം തടസ്സപ്പെട്ട സാഹചര്യത്തിൽ അജണ്ടകൾ പാസാക്കിയതായി അറിയിച്ച് ചെയർപേഴ്സൻ കൗൺസിൽ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ മുദ്രാവാക്യം വിളികളുമായി ഹാൾ വിട്ട ബി.ജെ.പി കൗൺസിലർമാർ ചെയർപേഴ്സന്റെ കാബിന് പുറത്ത് കുത്തിയിരിപ്പ് നടത്തി. ഇതിനിടെ ഏക കോൺഗ്രസ് അംഗം വി.എം. ജോണി റാന്തലേന്തി ബൈപാസിലെ വഴിവിളക്ക് വിഷയം ഉയർത്തി കൗൺസിൽ ഹാളിൽ കുത്തിയിരിപ്പ് നടത്തിയിരുന്നു.
ബി.ജെ.പിക്കാർ പിന്നീട് മിനിറ്റ്സ് പുസ്തകത്തിൽ ഒപ്പിടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെയർപേഴ്സനെ സമീപിച്ചു. ഇത് നിരാകരിച്ചതോടെ പുസ്തകം കാണണമെന്നായി ആവശ്യം. ഇതും അംഗീകരിക്കാതായതോടെ ഉപരോധം കടുപ്പിക്കുകയായിരുന്നു. യോഗത്തിന് ശേഷം ഹാജർ പുസ്തകത്തിൽ ഒപ്പിടാൻ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു എൽ.ഡി.എഫ് നിലപാട്.
വിവരമറിഞ്ഞ് ചെയർപേഴ്സനെ കാബിനിൽനിന്ന് പുറത്തിറക്കാൻ പൊലീസ് എത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് സ്ഥലത്തെത്തിയ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എങ്കിലും പൊലീസിന്റെ ചർച്ച നീക്കം വഴി ഉപരോധം ഒഴിവാക്കാനായി. ചർച്ചക്ക് പിറകെയാണ് ചെയർപേഴ്സനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഘർഷത്തിന് പിറകെ ഇരുവിഭാഗവും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ചെയർപേഴ്സൻ എം.യു. ഷിനിജയെ കൗൺസിലർമാരായ ലത ഉണ്ണികൃഷ്ണൻ, ടി.കെ. ഗീത, ബീന ശിവദാസ്, എൽസി പോൾ, വത്സല ടീച്ചർ എന്നിവരും എൽ.ഡി.എഫ് നേതാക്കളായ വി.ആർ. സുനിൽ കുമാർ എം.എൽ.എ, കെ.വി. വസന്തകുമാർ, പി.കെ. ചന്ദ്രശേഖരൻ, കെ.കെ. അബീദാലി, പി.പി. സുഭാഷ്, സുമ ശിവൻ, സി.കെ. രാമനാഥൻ, കെ.ആർ. ജൈത്രൻ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു. ഇതിൽ സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് എൽ.ഡി.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും. ജനാധിപത്യ മഹിള അസോസിയേഷനും എ.ഐ.വൈ.എഫും നഗരത്തിൽ പ്രകടനം നടത്തി.
തൃശൂര്‍: ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു. അക്രമത്തെ തള്ളിപ്പറയാനും അക്രമം നടത്തിയ കൗണ്‍സിലര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ബി.ജെ.പി നേതൃത്വം തയാറാകണം. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ ബന്ധപ്പെട്ടവർ നടപടി എടുക്കണമെന്ന് വത്സരാജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇരുകൂട്ടർക്കെതിരെയും കേസ്; ചെയർപേഴ്സനും പ്രതി
കൊടുങ്ങല്ലൂർ: നഗരസഭയിൽ നടന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കെതിരെയും കേസ്. ആശുപത്രിയിൽ പ്രവേശിച്ച ചെയർപേഴ്സൺ ഷിനിജയുടെ മൊഴി പ്രകാരം ആറോളം ബി.ജെ.പി കൗൺസിലർമാർക്കെതിരെ കേസെടുത്തു. അതേ സമയം ചെയർപേഴ്സണ്‍ പിറകെ ആശുപത്രിയിലെത്തിയ ബി.ജെ.പി കൗൺസിലർമാരുടെ മൊഴിയിൽ ചെയർപേഴ്സൺ ഉൾപെടെ പത്തോളം പേർ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.