കൊടുങ്ങല്ലൂർ നഗരസഭ ബജറ്റ്; മാലിന്യ സംസ്കരണത്തിനും കുടിവെള്ളവിതരണത്തിനും മുൻഗണന
text_fieldsകൊടുങ്ങല്ലുർ: മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം, പാർപ്പിട പദ്ധതി എന്നിവക്ക് മുൻഗണന നൽകുന്ന കൊടുങ്ങല്ലൂർ നഗരസഭ ബജറ്റ് വൈസ് ചെയർമാൻ അഡ്വ.വി.എസ്. ദിനൽ കൗൺസിലിൽ അവതരിപ്പിച്ചു. ഇ- വേസ്റ്റ് ഇറാഡിക്കേഷൻ ഡ്രൈവ്, മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കാമറകൾ സ്ഥാപിക്കൽ, ജൈവ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും ഗ്രീൻ സ്റ്റാർ റേറ്റിംഗ് തുടങ്ങിയ പദ്ധതികൾ ബജറ്റിലുണ്ട്.
125,86,36,940 രൂപ വരവും, 120,89,04,460 രൂപ ചിലവും 4.97 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം വാങ്ങാൻ ഒരു കോടിയും അറവുശാലക്ക് നാല് കോടിയും നീക്കിവെച്ചിട്ടുണ്ട്. പുതിയ റോഡുകൾക്ക് 1.30 കോടിയും റോഡ് അറ്റകുറ്റപ്പണിക്ക് ഒരു കോടിയും അരാകുളം നവീകരണത്തിനും ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കലിനും 50 ലക്ഷവും, താലൂക്ക് ആശുപത്രി മാസ്റ്റർ തയാറാക്കാനും ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതുമുൾപ്പടെ പദ്ധതികൾക്ക് ഒന്നര കോടിയും സ്ട്രീറ്റ് ലൈറ്റ് വിപുലീകരണത്തിന് 25 ലക്ഷവും മൾട്ടി ലെവൽ പാർക്കിങ് സംവിധാനത്തിന് ഒരു കോടിയും പി.എം.എ.വൈ ലൈഫ് പദ്ധതിക്ക് അഞ്ചുകോടിയും ടൗൺഹാൾ നവീകരണത്തിന് 50 ലക്ഷവും വി.കെ രാജൻ സ്മാരക പാർക്കിൽ ജലവിനോദയാനങ്ങൾ ഏർപ്പെടുത്താൻ 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ഭവന പുനരുദ്ധാരണ പദ്ധതി, പെൺകുട്ടികളുടെ വിവാഹ ധനസഹായം, വിദ്യാർഥികൾക്ക് പഠനമുറി, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നവർക്ക് പ്രോത്സാഹനം എന്നിവക്കും ബജറ്റിൽ പദ്ധതിയുണ്ട്. വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിനും, ഡ്രൈവിങ് പരിശീലനം നൽകാനും ഫിറ്റ്നെസ് സെന്ററുകൾ സ്ഥാപിക്കാനും ബജറ്റിൽ പദ്ധതിയുണ്ട്. ഊർജ- ഉൽപാദന മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക, ഇലക്ട്രിസിറ്റി ബില്ലുകൾ കുറക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി നഗരസഭയുടെ കെട്ടിടങ്ങളുടെയും ഘടക സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ തുക മാറ്റിവെച്ചിട്ടുണ്ട്.
പകൽ വീട് നവീകരിച്ച് വയോജനങ്ങൾക്ക് ഹാപ്പിനെസ് പാർക്ക് സെന്ററൊരുക്കാൻ മൂന്ന് ലക്ഷവും ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അഞ്ച് ലക്ഷം രൂപയും ബഡ്സ് സ്കൂൾ സ്ഥാപിക്കാൻ 15 ലക്ഷവും നഗരസഭ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, സൂപ്പർ മാർക്കറ്റ് സജ്ജമാക്കാൻ അഞ്ച് ലക്ഷം രൂപയും, അയ്യപ്പൻമാർക്ക് സൗജന്യ ഭക്ഷണവും മറ്റും നൽകുന്നതിന് 10 ലക്ഷം രൂപയും മൃഗ സംരക്ഷണത്തിന് 90 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.