അടിസ്ഥാന വികസനം ലക്ഷ്യമാക്കി കൊടുങ്ങല്ലൂർ നഗരസഭ ബജറ്റ്
text_fieldsകൊടുങ്ങല്ലൂർ: അടിസ്ഥാന വികസനം ലക്ഷ്യമാക്കി കൊടുങ്ങല്ലൂർ നഗരസഭ ബജറ്റ്. കൃഷി, കുടിവെള്ളം, മാലിന്യ സംസ്കരണം എന്നിവക്കും മുൻഗണന നൽകുന്ന ബജറ്റ് വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അവതരിപ്പിച്ചു.
96,25,65,164 രൂപ വരവും 93,51,89,000 രൂപ ചെലവും 2,73,76,164 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് എസ്റ്റിമേറ്റാണ് അവതരിപ്പിച്ചത്.
1,65,00,000 രൂപ കുടിവെള്ളത്തിനും ശുചിത്വ-മാലിന്യ സംസ്കരണത്തിന് 3,10,56,000 രൂപയും ആരോഗ്യ മേഖലയിൽ1,20,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. കൃഷിക്ക് 35 ലക്ഷം രൂപയും വനിതവികസനത്തിന് 15 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലക്ക് 57.50 ലക്ഷം രൂപയും പട്ടികജാതി വികസനത്തിന് 2,07,51,000 രൂപയും പൊതുമരാമത്ത്-ഊർജ മേഖലയിൽ 5,24,49,000 രൂപയും നീക്കിവെച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന് 30 ലക്ഷം രൂപയാണ് വകയിരുത്തിയത്. നാല് കോടി രൂപ ചെലവിൽ പടാകുളം സൗന്ദര്യവത്കരിക്കാനും പദ്ധതിയുണ്ട്. കാവിൽക്കടവിലെ ബസ് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കും. താലൂക്ക് ആശുപത്രിയിൽ ഐ.സി.യു സ്ഥാപിക്കും.
ആശുപതിയിൽ ഡെന്റൽ സ്പെഷാലിറ്റി സെന്ററും പ്രതിദിനം 30 പേർക്ക് ഡയാലിസിസും നൽകും. മണ്ഡല വിളക്ക് സീസണിൽ അയ്യപ്പൻമാർക്ക് സൗജന്യ ഭക്ഷണവും ഫെസിലിറ്റി സെന്ററും സജ്ജമാകും. ചെയർപേഴ്സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു.
ബജറ്റ് പൊള്ളയായ വാഗ്ദാനങ്ങളും തനിയാവർത്തനവും -ബി.ജെ.പി
കൊടുങ്ങല്ലൂർ: മുൻകാലങ്ങളിൽ നൽകിവന്ന പൊള്ളയായ വാഗ്ദാനങ്ങളുടെയും പദ്ധതികളുടെയും തനിയാവർത്തനം മാത്രമാണ് കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കൗൺസിൽ മുമ്പാകെ അവതരിപ്പിച്ച ബജറ്റെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി ആരോപിച്ചു. നഗരസഭ നേരിട്ട് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് മാത്രം ചിന്തിക്കാതെ നഗരസഭയിൽ പൊതുവായി നടപ്പാക്കേണ്ടതും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടലുകൾ മുഖേന നടപ്പാക്കേണ്ടതുമായ പദ്ധതികളെക്കുറിച്ച് കാഴ്ചപ്പാടും നിർദേശങ്ങളുമില്ലാത്തതാണ് ബജറ്റ്. പരമ്പരാഗത തൊഴിൽ മേഖലയായ മത്സ്യബന്ധനം, പായ് നെയ്ത്ത്, കയർ തുടങ്ങിയ മേഖലകളെ അവഗണിച്ചത് പോലെ, കുടിവെള്ളത്തിന് ശാശ്വത പരിഹാര നിർദേശങ്ങളില്ലാത്ത യുവജനങ്ങൾക്ക് ഒരു പരിഗണനയും കൊടുക്കാതെയുള്ള ബജറ്റ് കൊടുങ്ങല്ലൂരിലെ ജനങ്ങളെ മറന്നിട്ടുള്ളതാണെന്നും ബി.ജെ.പി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, ടി.ബി. സജീവൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.